accident
തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡിൽ കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി മതിൽ തകർന്ന നിലയിൽ

ആലുവ:വികസനം തടസപ്പെട്ട് നിൽക്കുന്ന തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡിൽ അപകടം നിത്യസംഭവമായി. റോഡിന്റെ വീതികുറവും അമിത വേഗതയുമാണ് അപകടങ്ങൾക്ക് കാരണം. റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതിന് മുൻ സർക്കാരിന്റെ കാലത്ത് നടപടിയാരംഭിച്ചെങ്കിലും ഏറെടുക്കുന്ന സ്ഥലത്തെ സംബന്ധിച്ച തർക്കം മൂലം തടസപ്പെട്ട് കിടക്കുകയാണ്. ഇതാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്.

കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിൽ ഇടിച്ചുകയറി. ഇറിഗേഷൻ കനാലിന് സമീപം വിജി ഏലീയാസിൻറെ വീടിനോട് ചേർന്നാണ് കാർ ഇടിച്ചുകയറിയത്. തിങ്കളാഴ്ച്ച രാത്രി 11.30നാണ് അപകടം. അപകടത്തിൽ മതിലിന്റെ ഒരു ഭാഗവും കാറിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. കാർ യാത്രക്കാർ നിസാര പരിക്കുകകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഈ റോഡിൽ തന്നെ പെരിയാർവാലി നീർപാലത്തിന് സമീപം ടുവീലറുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരുക്കേറ്റിരുന്നു.

ഈ റോഡിൽ സ്ഥിരം അപകട മേഖലയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 11.5 മീറ്ററിൽ വീതി കൂട്ടുന്നതിനാണ് തീരുമാനമായത്. എന്നാൽ ഇതുവരെ വീതികൂട്ടൽ പ്രക്രിയ നടപ്പായിട്ടില്ല. കളമശേരി, ആലുവ എം.എൽ.എമാരെ നിരവധി തവണ കാണുകയും റോഡിന്റെ ദുരവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടും ഇവർ ഇക്കാര്യം ഗൗരവത്തിൽ എടുത്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇനിയും അവഗണന തുടർന്നാൽ കാൽനടക്കാരും, വിദ്യാർഥികളടക്കമുള്ളവറം യാത്ര ചെയ്യുന്ന തോട്ടക്കാട്ടുകര കടുങ്ങല്ലൂർ റോഡ് അപകട മരണങ്ങളുടെ കേന്ദ്രമായി മാറുന്ന കാലം അധികം വിദൂരമല്ല.