കൊച്ചി: മുല്ലശേരി കനാലിനെ അത്യാധുനിക രീതിയിൽ സമയബന്ധിതമായി പുന:നിർമ്മിക്കുമെന്ന് മേയർ അഡ്വ.എം.അനിൽകുമാർ പറഞ്ഞു. ഹൈക്കോടതി നിർദേശത്തിന്റെ അന്തസത്ത കൂടി ഉൾക്കൊണ്ടാവും നിർമ്മാണം. എറണാകുളം സെന്റ് തെരേസാസ് കോളേജിനും യാത്രാ ഓഡിറ്റോറിയത്തിനും ഇടയിലുള്ള കനാൽ പദ്ധതിസ്ഥലങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മേയർ. ലോകത്തിലെ വിവിധ നഗരങ്ങളിൽ കനാലുകളുടെ നവീകരണത്തിന് അവലംഭിക്കുന്ന മാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് മുല്ലശേരി കനാലിന്റേയും പരിസരത്തിന്റെയും വികസനവും നവീകരണവും നടത്താനാണ് ഉദേശിക്കുന്നത്. കനാലിന്റെ ഇരു വശങ്ങളുടേയും സംരക്ഷണം, കനാൽ നവീകരണം പ്രത്യേകിച്ച് വെള്ളക്കെട്ടിനെ അതിജീവിക്കുവാനുള്ള നടപടിക്രമങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കുന്നത്. കനാൽ പരിസരം വിനോദ , സാമൂഹിക വികസനത്തിന് ഉതകുന്ന രീതിയിൽ പുനക്രമീകരിക്കുന്നതും ഈ പദ്ധതിയുടെ ഭാഗമായിരിക്കും. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കനാലിലേക്ക്
ഒഴുകിയെത്തുന്ന മലിന ജലം ശുദ്ധീകരിക്കുന്നതിനും ശാസ്ത്രീയമായ പദ്ധതി തയ്യാറാക്കും. മേയർ പറഞ്ഞു.
ദേശീയതലത്തിൽ നടത്തിയ ഡിസൈൻ മത്സരത്തിന്റെ അടിസ്ഥാനത്തിൽ ഒരു ബൃഹത്തായ പദ്ധതി രേഖ ഇതിനകം തന്നെ തയ്യാറാക്കിയിട്ടുമുണ്ട്. 117 എൻട്രികളിൽ നിന്ന് ആണ് മികച്ച രൂപരേഖ തിരഞ്ഞെടുത്തത്.
ഇന്തോ-ജർമ്മൻ ഉഭയകക്ഷിസാങ്കേതിക സഹകരണത്തിന്റെ ഭാഗമായി സുസ്ഥിര വികസനം-സ്മാർട്ട് സിറ്റീസ് (എസ്.യു.ഡി.-എസ്.സി.) പദ്ധതിയുടെ കീഴിൽ കേന്ദ്ര ഭവന-നഗരാസൂത്രണ മന്ത്രാലയത്തിന്റെയും ജർമ്മൻ ഇന്റർനാഷണൽ ഏജൻസി ഫോർ കോ-ഓപ്പറേഷന്റേയും (ജി.ഐ.ഇസഡ്.) സാങ്കേതിക സഹായത്തോടെ ആണ് കനാൽ നവീകരണം നടപ്പാക്കുന്നത്.