ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ആരംഭിച്ച ചൂർണ്ണിക്കര വില്ലേജ് ഓഫീസ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ബ്ളോക്ക് വൈസ് പ്രസിഡന്റ് അജി ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, തഹസിൽദാർ പി.എൻ. അനി, മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, സി.എ. റാഷിമോൻ, അനിൽകുമാർ മേനോൻ, കെ.വി. സുലൈമാൻ, കെ.എ. അനിൽകുമാർ, സി.പി. നൗഷാദ്, രാജേഷ് പുത്തനങ്ങാടി, പി.എസ്. യൂസഫ്, കെ. ദിലീഷ്, അലീഷ ലിനേഷ്, രമണൻ ചേലാക്കുന്ന് എന്നിവർ സംസാരിച്ചു. കെട്ടിട ഉടമ ആവശ്യപ്പെട്ടതനുസരിച്ച് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫീസ് ഒരു മാസം മുമ്പ് ആലുവ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചിരുന്നു. പുതിയ പഞ്ചായത്ത് ഭരണ സമിതി അധികാരമേറ്റ ശേഷം പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള പഞ്ചായത്ത് കെട്ടിടത്തിൽ താത്കാലിക സൗകര്യമൊരുക്കിയതിനെ തുടർന്നാണ് ഓഫീസ് ചൂർണിക്കരയിലേക്ക് തിരിച്ചെത്തിയത്. നിലവിൽ പഞ്ചായത്ത് ഓഫീസും കൃഷിഭവനും വില്ലേജ് ഓഫീസും ഒരു സ്ഥലത്തായത് ജനങ്ങൾക്ക് ഏറെ സഹായകരമാകും.ചൂർണിക്കര ഗ്രാമപഞ്ചായത്തിലേക്ക് തിരിച്ചെത്തിയ വില്ലേജ് ഓഫീസിലേക്ക് വന്ന ഫർണിച്ചർ സാധനങ്ങൾ ലോറിയിൽ നിന്നും ഇറക്കിയത് ജനപ്രതിനിധികൾ. ജനപ്രതിനിധികളായ സി.പി. നൗഷാദ്, കെ.എസ്. മുഹമ്മദ് ഷെഫീക്ക്, പി.എസ്. യൂസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ലോറിയിൽ നിന്നും സാധനങ്ങൾ ഓഫീസിലേക്ക് നീക്കിയത്.