കളമശേരി: കുസാറ്റിലെ അക്കാദമിക് ബ്ലോക്കിന്റെയും (മറൈൻ സയൻസ് ക്യാമ്പസ് ) സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സ്റ്റഡീസ് ഒന്നാം നിലയുടെയും നിർമ്മാണം പൂർത്തിയായി. കിഫ്ബി, കേരള സർക്കാരിന്റെ പദ്ധതി വിഹിതം എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. കുസാറ്റിന്റെ എറണാകുളത്തുള്ള ലേക്ക് സൈഡ് കാമ്പസിൽ ഏഴു നിലകളിലായി നിർമ്മിച്ചിരിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണത്തിന് കിഫ്ബി ഫണ്ടായി ലഭിച്ച 817.87 ലക്ഷം രൂപയും സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ നിന്നുള്ള 470 ലക്ഷം രൂപയും ഉപയോഗിച്ചത്. 4291 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള കെട്ടിടത്തിന്റെ രൂപകല്പന കിറ്റ്‌കോയുടേതാണ്. ആർ.ബി.ഡി.സി.കെ ക്കായിരുന്നു നിർമ്മാണ ചുമതല. സമുദ്ര പഠനത്തിനും ഗവേഷണത്തിനും ഊന്നൽ നൽകുന്നതിനായുള്ള ലബോറട്ടറികൾ, ക്ലാസ് മുറികൾ, ലൈബ്രറികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടുത്തിയിട്ടുള്ള ഈ കെട്ടിടത്തിന്റെ നിർമ്മാണം 2018 ഒക്ടോബർ ഒന്നിനാണ് ആരംഭിച്ചത്.
2019 മാർച്ച് 5 ന് നിർമ്മാണം ആരംഭിച്ച് 2020 സെപ്തംബർ 27 ന് പൂർത്തീകരിച്ച എൻവയോമെന്റ്ൽ സ്റ്റഡീസ് കെട്ടിടത്തിന്റെ നിർമ്മാണം കേരള സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ നിന്നും ലഭിച്ച 1.20 കോടി രൂപ ഉപയോഗിച്ചായിരുന്നു. 613 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ കെട്ടിടം എം.എസി കോഴ്‌സിന് വേണ്ടിയുള്ളതാണ്. ക്ലാസ് മുറികൾ, ലാബുകൾ, ഫാക്കൽറ്റി റൂമുകൾ, ശുചിമുറികൾ എന്നിവ ഉൾപ്പെടുന്ന ഇതിന്റെ നിർമ്മാണ ചുമതല നിർവഹിച്ചത് സർവകലാശാല എൻജിനീയറിംഗ്് വിഭാഗമാണ്.