കൊച്ചി: മത്സ്യത്തൊഴിലാകളുടെ കാത്തിരിപ്പിന് വിരമാനം. സംസ്ഥാന സർക്കാർ നിർമ്മിച്ച മറൈൻ ആംബുലൻസുകൾ ഇന്ന് നീരണിയും. പ്രത്യാശ, കരുണ എന്നീ ആംബുലൻസുകൾ ഇന്ന് നീറ്റിലിറക്കുന്നത്.
ആഴക്കടലിലെ മത്സ്യബന്ധനത്തിനിടെയുള്ള അപകടത്തിൽപ്പെടുന്നവരെ രക്ഷയാണ് അത്യാധുനി സംവിധാനങ്ങളോടെ മറൈൻ ആംബുലൻസുകൾ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. ദുരന്ത മുഖത്ത് വച്ചു തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം അതിവേഗം കരയിലെത്തിക്കാൻ ഈ ആംബുലൻസുകൾ സഹായിക്കും. ഓഖി പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 7.36 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപയും ചെലവിട്ടാണ് ബോട്ടുകൾ നിർമ്മിച്ചത്.
ഒരു ബോട്ടിന്റെ പൂർണമായ നിർമ്മാണ ചെലവ് ബി.പി.സി.എലും ഒരു ബോട്ടിന്റെ പകുതി ചെലവ് കൊച്ചിൻ കപ്പൽശാലയും അവരുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു. ബോട്ട് നിർമാണത്തിന് സാങ്കേതിക ഉപദേശം നൽകിയത് കൊച്ചി ആസ്ഥാനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി (സി.ഐ.എഫ്.ടി) യാണ്.
2018 മേയ് 31 നാണ് മറൈൻ ആംബുലൻസുകളുടെ നിർമാണത്തിനായി കൊച്ചി കപ്പൽശാലയുമായി സർക്കാർ കരാറിൽ ഏർപ്പെട്ടത്. ഒരു ബോട്ടിന് 6.08 കോടി വീതം 18.24 കോടിയാണ് പദ്ധതിയുടെ അടങ്കൽ തുക.
കപ്പൽശാലയിൽ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിർവഹിക്കും. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആദ്യ മറൈൻ ആംബുലൻസ് 'പ്രതീക്ഷ'യുടെ പ്രവർത്തന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ആഗസ്റ്റിൽ നിർവഹിച്ചിരുന്നു. ചടങ്ങിൽ ഹൈബി ഈഡൻ എം. പി, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, എം.എൽ.എമാരായ എസ്. ശർമ, വി.കെ.സി. മമ്മദ് കോയ, കെ.ജെ. മാക്‌സി, ജോൺ ഫെർണാണ്ടസ് എന്നിവർ പങ്കെടുക്കും.
23 മീറ്റർ നീളവും 5.5 മീറ്റർ വീതിയും 3 മീറ്റർ ആഴവുമുള്ള ആംബുലൻസുകളിൽ 10 പേരെ വരെ ഒരേസമയം കിടത്തി ചികിത്സിക്കാൻ സാധിക്കും. 700 കുതിരശക്തി വീതമുള്ള 2 സ്‌കാനിയ എൻജിനുകൾ ഘടിപ്പിച്ചി ആംബുലൻസുകൾക്ക് പരമാവധി 14 നോട്ടിക്കൽ മൈൽ വേഗത ലഭിക്കും. പ്രാഥമിക ചികിത്സക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, 24 മണിക്കൂർ പാരാ മെഡിക്കൽ സ്റ്റാഫിന്റെ സേവനം, പ്രത്യേക പരിശീലനം ലഭിച്ച നാല് സീ റെസ്‌ക്യൂ സ്റ്റാഫിന്റെ സേവനം, മോർച്ചറി എന്നിവയും ഒരുക്കിയിട്ടുണ്ട്. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനാണ് സാങ്കേതിക ജീവനക്കാരുടെ സേവനം നൽകുന്നത്.