police
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ ആസൂത്രണ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളിൽ പഞ്ചായത്തംഗങ്ങളില്ല, 305 അംഗ ആസൂത്രണ സമിതിയിൽ ട്വന്റി20 പ്രതിനിധികൾ മാത്രം. പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് കമ്മിറ്റി രണ്ടു മണിക്കൂർ നിർത്തി വച്ചു. ഒടുവിൽ പഞ്ചായത്തംഗങ്ങളെ ഒരു ദിവസത്തേയ്ക്ക് കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് പൊലീസിനെ വരുത്തി അറസ്റ്റ് ചെയ്ത് നീക്കി കമ്മിറ്റി തുടർന്നു. ഇതിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പഞ്ചായത്തോഫീസിന് മുന്നിലെത്തിയത് സംഘർഷാവസ്ഥക്കിടയാക്കി. വൈകിട്ട് 4 വരെ പഞ്ചായത്തോഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടന്നു. ഇന്നലെ രാവിലെ 11നു നടന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് മുൻ കമ്മിറ്റിയിൽ തീരുമാനിച്ച വർക്കിംഗ് ഗ്രൂപ്പ് ചട്ടപ്രകാരമല്ലെന്നും, തിരുത്തണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടത്. പഞ്ചായത്തിനു പുറത്തുള്ളവരെ ഉൾപ്പെടുത്തി ഗ്രൂപ്പ് ഉണ്ടാക്കിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. എന്നാൽ ഗ്രൂപ്പിലെ അംഗങ്ങളെ മാറ്റില്ലെന്ന് പ്രസിഡന്റ് കർശന നിലപാടെടുത്തതോടെയാണ് പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധം കനത്ത് ഓഫീസിനു പുറത്ത് പ്രവർത്തകർ തടിച്ചു കൂടിയതോടെയാണ് 5 പ്രതിപക്ഷ അംഗങ്ങളെ സസ്പെന്റ് ചെയ്ത് കമ്മിറ്റി തുടരാൻ തീരുമാനമുണ്ടായത്. പുറത്ത് പോകില്ലെന്നുറച്ച് കമ്മിറ്റി ഹാളിൽ തുടർന്ന പ്രതിപക്ഷ അംഗങ്ങളായ ജോർജ് ഇടപ്പരത്തി, കെ.പി.വിനോദ്കുമാർ, വി.ജോയിക്കുട്ടി, കെ.കെ ജയേഷ്, പി.ജി.അനിൽകുമാർ എന്നിവരെ ബലപ്രയോഗത്തിലൂടെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് നടന്ന പ്രതിഷേധ സംഗമം മുൻ എം.എൽ.എ എം.പി.വർഗീസ് ഉദ്ഘാടനം ചെയ്തു. വി.കെ.അജിതൻ നായർ, കെ.വി.എൽദോ, കെ.എച്ച്. സുരേഷ്, കെ.ത്യാഗരാജൻ മാസ്റ്റർ, എ.വി.ജോയി, ടി.ഒ.പീറ്റർ, എം.അബ്ദുൾഖാദർ, ഹമീദ് ചേരിമറ്റം തുടങ്ങിയവർ സംസാരിച്ചു.