അങ്കമാലി: അങ്കമാലിയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കരയാംപറമ്പ് സ്വദേശികളായ 11 വയസുള്ള ഇരട്ടക്കുട്ടികളിൽ ഒരാൾക്കാണു ഷിഗല്ല സ്ഥിരീകരിച്ചത്. ചമ്പന്നൂരിൽ നിന്ന് കുട്ടി ഐസ്ക്രീം കഴിച്ചിരുന്നു. കൂടാതെ കരയാംപറമ്പിലെ ഒരു കടയിൽ നിന്നു നാരങ്ങാവെള്ളം കുടിക്കുകയും ചെയ്തിരുന്നു. എവിടെ നിന്നാണ് അണുബാധ ഉണ്ടായതെന്ന് കണ്ടെത്താനായിട്ടില്ല. താലൂക്ക് ആശുപത്രിയിൽ കുട്ടിയെ പരിചരിച്ച ഡോ.കെ.ബി.ബിന്ദു സാംപിൾ ജില്ലാ റീജനൽ പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനക്ക് അയച്ചതിനെ തുടർന്നാണു ഷിഗല്ല സ്ഥിരീകരിച്ചത്. രോഗം കണ്ട കുട്ടി സുഖം പ്രാപിച്ചതായും ഷിഗല്ല നിയന്ത്രണത്തിലാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ (നോൺ കൊവിഡ്) ഡോ.വിനോദ് പൗലോസിന്റെ
നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് സംഘം ചമ്പന്നൂരും കരയാംപറമ്പ്, മണിയംകുഴി ഭാഗങ്ങളിൽ പരിശോധനകൾ നടത്തി. ആറിടങ്ങളിൽ നിന്ന് വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിക്കും. കിണറുകളിൽ ക്ലോറിനേഷൻ നടത്തി തുടങ്ങി. ബോധവത്കരണം നടത്തുന്നുണ്ട്. ആശ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ സേവനങ്ങളിലൂടെ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ നിരീക്ഷണത്തിലാക്കും.വയറിളക്കവും ഛർദിയും ഉണ്ടെങ്കിൽ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലൊ താലൂക്ക് ആശുപത്രിയിലൊ ചികിത്സ തേടണമെന്നു
താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.നസീമ നജീബ് അറിയിച്ചു.