kadungalloor-narayanan

ആലുവ: കവിയും ഗാനരചയിതാവുമായ കടുങ്ങല്ലൂർ നാരായണന് ഇന്ന് 70 തികയുന്നു. മകരത്തിലെ ആയില്യം നക്ഷത്രത്തിൽ യു.സി കോളേജിന് അടുത്തുള്ള കണിയാൻ കുന്നിലാണ് ഗോവിന്ദൻ പാറുക്കുട്ടി ദമ്പതികളുടെ മകനായി അദ്ദേഹം ജനിച്ചത്.

നിലത്തെഴുത്താശാനും തന്റെ ഗുരുവുമായിരുന്ന അച്ഛനിൽ നിന്നും ബാല്യകാലത്തു തന്നെ നീതിസാരം, സിദ്ധരൂപം, അമരകോശം, ഇരുപത്തിനാലുവൃത്തം, അദ്ധ്യാത്മ രാമായണം എന്നിവ ഹൃദിസ്ഥമാക്കിയ നാരായണന് കവിതയോടായിരുന്നു ഏറെ താല്പര്യമെങ്കിലും നിരവധി ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും കഥാപ്രസംഗവും രചിച്ചിട്ടുണ്ട്. അച്ഛനെക്കുറിച്ച് 'പിതൃസ്മൃതി' എന്ന കവിതയും ഇതിനിടെ എഴുതി.

പുരോഗമന കലാസാഹിത്യസംഘം 80കളിൽ നടത്തിയ ആയിരം തെരുവു കവിയരങ്ങുകളിലും മറ്റനേകം സാഹിത്യ സദസുകളിലും തന്റേതായ കാവ്യ മുദ്ര പതിപ്പിച്ച നിറ സാന്നിദ്ധമായിരുന്നു. 'സത്യം വിളിച്ചു പറയുന്ന കവി' യെന്നാണ് പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. ദീർഘ സുമംഗലീ ഭവ!, തീച്ചിലമ്പ് എന്നിവ അദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങളാണ്. സമഗ്ര കാവ്യജീവിതത്തിന് ഡോ.അംബേദ്ക്കർ നാഷണൽ ഫെല്ലോഷിപ്പ്, സുവർണ്ണ രേഖാ പുരസ്‌കാരം, തിരുവനന്തപുരം ധർമ്മവേദി കണ്ണശ്ശ സ്മാരക അവാർഡ്, എം.ടി. ജൂസാ സ്മാരക പുരസ്‌കാരം തുടങ്ങി അനേകം അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കൊവിഡുകാലമായതിനാൽ സപ്തതി ആഘോഷങ്ങൾ വീട്ടുകാരിൽ മാത്രമായി ചുരുക്കി.