കൊച്ചി: പുല്ലേപ്പടി പാലത്തിന് സമീപം റെയിൽവെ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 11 മണിയോടെയാണ് മൃതദേഹം കിടക്കുന്ന വിവരം നാട്ടുകാർ എറണാകുളം സെൻട്രൽ പൊലീസിനെ അറിയിച്ചത്. 25 വയസോളം തോന്നിക്കും.
അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ട്രാക്കിനരികിലിട്ട് കത്തിച്ചതാകുമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. കൊലപ്പെടുത്തിയശേഷം ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് കത്തിക്കാനാണ് സാദ്ധ്യത. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പ്രദേശം ഒഴിഞ്ഞ് കിടക്കുകയാണെങ്കിലും സമീപ പ്രദേശത്തെ സി.സി.ടിവി. ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ യുവാക്കളെ കാണാതായതുമായി ബന്ധപ്പെട്ടുള്ള പരാതികൾ കൊച്ചി സിറ്റി പൊലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ മറ്റ് സ്‌റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്. മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റമോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു. അസി. കമ്മിഷണർ കെ. ലാൽജി, സെൻട്രൽ സി.ഐ. എസ്. വിജയശങ്കർ എന്നിവർ തെളിവെടുപ്പ് നടത്തി.