കളമശേരി: കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച ആലുവ മംഗലപ്പുഴ പാലത്തിനടിയിൽ നിന്ന് കണ്ടെത്തി. കുറ്റിക്കാട്ടുകര അലുപുരം തിരുവോണംവീട്ടിൽ കൃഷ്ണന്റെയും രേഖയുടെയും മകൻ സൗരവ് കൃഷ്ണന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. കളമശേരിയിലെ സ്വകാര്യ എൻജിനീയറിംഗ് കോളേജിൽനിന്നും കമ്പ്യൂട്ടർ സയൻസ് പാസായ സൗരവ് ജോലിക്കുള്ള ഇന്റർവ്യൂവിന് പോകാനിരിക്കുകയായിരുന്നു. സർട്ടിഫിക്കറ്റുകളും ലാപ്ടോപ്പും കൈയിലെടുത്തിരുന്നതിനാൽ വീട്ടുകാർക്ക് സംശയം തോന്നിയതുമില്ല. രണ്ടു ദിവസമായിട്ടും കാണാതിരുന്നതിനാൽ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ലാപ്ടോപ്പുൾപ്പെടെയുള്ള മറ്റ് സാധനങ്ങൾ കണ്ടുകിട്ടിയിട്ടില്ല. കൊവിഡ് പരിശോധനയും പോസ്റ്റുമോർട്ടവും കഴിഞ്ഞ് വിട്ടുകിട്ടിയ മൃതദേഹം ഇന്നലെ ഉച്ചയോടെ സംസ്കരിച്ചു. വൈഷ്ണവ് സഹോദരനാണ്.