മുംബായ്: അതിർത്തിയിലെ ഗാൽവൻ സംഘർഷത്തെയും കൊവിഡിനെയും തുടർന്ന് ഇന്ത്യൻ മൊബൈൽ വിപണിയിൽ നഷ്ടമായ ഒന്നാം സ്ഥാനം ഷവോമി തിരികെ പിടിച്ചു. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ഷവോമിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണ കൊറിയൻ കമ്പനിയായ സാംസംഗ് വിപണിയുടെ 24 ശതമാനവും പിടിച്ചിരുന്നു. 23 ശതമാനത്തിലേക്കാണ് ഷവോമി കുറഞ്ഞത്.
നാലാം പാദത്തിലാകട്ടെ 26 ശതമാനം വിപണി വിഹിതവുമായി ഷവോമിവീണ്ടും ഒന്നാമതെത്തി. രണ്ടാമത് സാംസംഗിന് 20 ശതമാനമേയുള്ളൂ. കൊവിഡ് കാലത്തും ഇന്ത്യയുടെ മൊബൈൽ ഫോൺ ഷിപ്പ്മെന്റിൽ വെറും നാല് ശതമാനം കുറവുമാത്രമാണ് 2020ൽ രേഖപ്പെടുത്തിയത്. ഫോൺ വില്പനയിലാകട്ടെ 9 ശതമാനം കുറവുണ്ടായി.
5 ജി സ്മാർട്ട് ഫോണുകളുടെ കാലമാണിത്. 2020ൽ 40 ലക്ഷം ഇത്തരം ഫോണുകളാണ് ഇറക്കുമതി ചെയ്തത്. 2021ൽ ഈ സംഖ്യ 3.80 കോടി ആയി ഉയരുമെന്നാണ് കണക്കുകൂട്ടൽ.
ഇന്ത്യയുടെ മൊബൈൽ ഫോൺ വിപണിയുടെ മുക്കാൻ ഭാഗവും കൈയാളുന്നത് ചൈനീസ് കമ്പനികളാണ്. ചൈനാ വിരുദ്ധ വികാരം ഒരു ഘട്ടത്തിൽ ഇന്ത്യയിൽ കാര്യമായി പ്രതിഫലിച്ചിരുന്നെങ്കിലും പിന്നീട് വിപണിയിൽ ചൈനീസ് ബ്രാന്റുകൾ പതിയെ തിരികെ ശക്തി പ്രാപിച്ചു.