cable

കൊച്ചി: വ്യവസായവകുപ്പിന് കീഴിലെ ഇരുമ്പനത്തെ ട്രാക്കോകേബിൾ കമ്പനി രണ്ടുമാസംകൊണ്ട് ഒരു കോടിയിലേറെ രൂപ ലാഭം നേടിയതായി ചെയർമാൻ അഡ്വ. എ.ജെ. ജോസഫ്, മാനേജിംഗ് ഡയറക്ടർ പ്രസാദ് മാത്യു, ഡി.ജി.എം. കെ. ഷൺമുഖ അയ്യർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇരുമ്പനത്തെ ഫാക്ടറി നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാക്കി നവീകരിച്ചു. ഹൈസ്പീഡ് ഡ്യുവൽ എക്സ്ട്രൂഷൻ ലൈൻ, സ്റ്റീൽ റിവൈഗ് മെഷീൻ, സ്പൂളിംഗ് മെഷീൻ സ്കിപ് സ്ട്രാഡിംഗ് മെഷീൻ. 1000 കെ.വി.എ ട്രാൻസ്ഫോർമർ എന്നിവ പുതിയതായി സ്ഥാപിച്ചു. സർക്കാർ അനുവദിച്ച 5 കോടി രൂപയിൽ 3 കോടിയിലേറെ ഇരുമ്പനത്തെ മെഷീനറി യൂണിറ്റിന് വേണ്ടി മുടക്കി. 2 കോടി രൂപയോളം തിരുവല്ല ,പിണറായി യൂണിറ്റുകൾക്ക് മെഷീനുകൾ വാങ്ങാൻ ഉപയോഗിക്കും. പുതിയ മെഷീനുകൾ പ്രവർത്തിച്ചുതുടങ്ങുന്നതോടെ ഉത്പാദനശേഷി 6000 ൽ നിന്ന് 9000 ടണ്ണാകും. 240 കോടി രൂപയുടെ വാർഷിക വിറ്റുവരവാണ് ലക്ഷ്യം

ആധുനിക മെഷിനറി സംവിധാനങ്ങളുടേയും പുതിയ കെട്ടിടത്തിന്റേയും ഉദ്ഘാഘാടനം 30 ന് ഉച്ചതിരിഞ്ഞ് 2 ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. ഇരുമ്പനം യൂണിറ്റിൽ നടക്കുന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി., എം.എൽ.എ.മാരായ എം. സ്വരാജ്, വി.പി. സജീന്ദ്രൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ ഡോ. ഇളങ്കോവൻ, എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്. പിള്ള, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമാ സന്തോഷ് എന്നിവർ പ്രസംഗിക്കും.