നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയൻകാർ പണി തടസപ്പെടുത്തുന്നെന്ന് പരാതി
കൊച്ചി : വാട്ടർ മെട്രോയുടെ വൈപ്പിൻ ടെർമിനലിന്റെ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകാനായി ഹൈക്കോടതി നിർദേശിച്ചശേഷവും സൂപ്പർവൈസർമാരിൽ ഒരാൾക്ക് യൂണിയൻകാരുടെ മർദനമേറ്റു. ഇൗ സംഭവത്തിൽ പൊലീസിനോടു വിശദീകരണപത്രിക നൽകാൻ നിർദേശിച്ച സിംഗിൾബെഞ്ച് യൂണിയൻകാർ സത്യവാങ്മൂലം നൽകാനും ആവശ്യപ്പെട്ടു. ടെർമിനൽ നിർമാണത്തിന് പൊലീസ് സംരക്ഷണംതേടി കരാർ കമ്പനിയായ മൂവാറ്റുപുഴ മേരിമാത ഇൻഫ്രാസ്ട്രക്‌ചർ നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ‌്ച വീണ്ടും പരിഗണിക്കാൻ മാറ്റി. മുളവുകാട് പൊലീസ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന ഇടക്കാല ഉത്തരവ് തുടരാനും സിംഗിൾബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
കൊച്ചി മെട്രോയുടെ ഭാഗമായുള്ള വാട്ടർ മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ ഫെബ്രുവരി രണ്ടാംവാരത്തോടെ പൂർത്തിയാക്കേണ്ടതുണ്ടെന്നും ഫെബ്രുവരി 22ന് ഉദ്ഘാടനം തീരുമാനിച്ചിരിക്കുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. നോക്കുകൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂണിയനുകളുടെ പ്രതിനിധികളും ഇവരുടെയാളുകളും ചേർന്ന് പണി തടസപ്പെടുത്തുകയാണെന്നും ജീവനക്കാരെ ആക്രമിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. തുടർന്ന് കഴിഞ്ഞദിവസം പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട ഹൈക്കോടതി സർക്കാരിനോടും യൂണിയൻകാരോടും വിശദീകരണം തേടിയിരുന്നു. ഇന്നലെ അടിയന്തരമായി വീണ്ടും ഹർജി പരിഗണിച്ചപ്പോൾ ഒരു സൂപ്പർവൈസർക്കുകൂടി മർദനമേറ്റ വിവരം അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് പൊലീസിനോടു വിശദീകരണം തേടിയത്.