പദ്ധതികൾക്ക് ജിഡ അംഗീകാരം
കൊച്ചി: കടമക്കുടി ദ്വീപ് സമൂഹത്തിന്റെ അടിസ്ഥാന വികസനത്തിന് 77.5 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി. പാലവും റോഡുകളുമുൾപ്പെടെ ദ്വീപ് വാസികൾ വർഷങ്ങളായി ആവശ്യപ്പെടുന്ന പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. ദ്വീപിന്റെയും തീരദേശത്തിന്റെയും വികസനത്തിന് ഏറെ ഗുണകരമായ പദ്ധതികളാണിവ.
മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഗോശ്രീ ഐലൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ജിഡ) യോഗമാണ് പദ്ധതികൾ അംഗീകരിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനും പങ്കെടുത്തു.
കോതാട് ചേന്നൂർ പാലം നിർമ്മാണമാണ് പ്രധാനപദ്ധതി. 37.5 കോടി രൂപയാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്. ഒൻപത് മീറ്റർ റോഡ് പദ്ധതിയിൽ ഉൾപ്പെട്ട ചേന്നൂർ പിഴല പാലത്തിന്റെ നിർമാണത്തിനും അനുമതി ലഭിച്ചു. 19.50 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് നൽകിയത്.
ചേന്നൂർ ചെറിയംതുരുത്ത് പാലം നിർമാണത്തിനും അംഗീകാരം നൽകി. 20.50 കോടി രൂപയുടെ പദ്ധതിയാണിത്. കടമക്കുടി ചാത്തനാട് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കും. സ്ഥലം വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാര പാക്കേജ് ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി സ്ഥലവും വീടും നഷ്ടമാകുന്നവർക്ക് നഷ്ടപരിഹാരത്തോടൊപ്പം നാല് സെന്റ് ഭുമിയും മറ്റ് സഹായങ്ങളും ലഭ്യമാക്കും.
പുലിമുട്ടിന് 25 കോടി
വൈപ്പിൻ പള്ളിപ്പുറം 24 കിലോമീറ്റർ ദൂരത്തിൽ 18 പുലിമുട്ടുകൾ സ്ഥാപിക്കാൻ 25 കോടി രൂപ അനുവദിച്ചു. നിർവഹണ ഏജൻസിയായി കോസ്റ്റൽ ഡെവലപ്പ്മെന്റ് കോർപ്പറേഷനെ ചുമതലപ്പെടുത്തി. മുളവുകാട് റോഡ് വികസന പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി ഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ 7.24 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി.
മൂലമ്പിള്ളി പിഴല പാലത്തിന്റെ അപ്രോച്ച് റോഡിന്റെ 350 മീറ്റർ നിർമാണ പ്രവർത്തനങ്ങളുടെ ഭരണാനുമതിക്കായി സമർപ്പിച്ചിരുന്നു. അനുമതി ലഭ്യമാക്കി അടുത്തമാസം ആദ്യത്തോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. പിഴല ദ്വീപ് നിവാസികളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഇതിൽ അടിയന്തര തീരുമാനമെടുക്കുന്നത്.
യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശ്വാസ് മേത്ത, ജിഡ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടർ എസ്. സുഹാസ്, ജിഡ പ്രോജക്ട് ഡയറക്ടർ ജിനു വർഗീസ്, എക്‌സിക്യുട്ടീവ് കമ്മിറ്റിഅംഗം വി.വി. ജോസഫ്, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ദ്വീപ് വികസനം സാദ്ധ്യമാകും
കടമക്കുടി ദ്വീപ് സമൂഹത്തിന്റെ അടിസ്ഥാന വികസന പ്രശ്‌നങ്ങളിൽ ശാശ്വതപരിഹാരം കാണാൻ പദ്ധതികൾക്ക് കഴിയും. നിർമാണം അതിവേഗം ആരംഭിക്കാൻ സാധിക്കും.
എസ്. ശർമ എം.എൽ.എ