കളമശേരി : കളമശേരി നിയോജക മണ്ഡലം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. കഴിഞ്ഞ ദിവസം ഏലൂരിൽ കൂടിയ യോഗത്തിലാണ് പ്രതിനിധികൾ ഈ ആവശ്യം ഉയർത്തിയത്. ജനവികാരം മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിത്വത്തിന് എതിരാണെന്നും, ആനുകാലിക സംഭവ വികാസങ്ങൾ വിലയിരുത്തി കോൺഗ്രസ് നേതൃത്വം ശരിയായ തീരുമാനം എടുത്തില്ലെങ്കിൽ മണ്ഡലം യു.ഡി. എഫിന് നഷ്ടമാകുമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ.പൗലോസിന്റെ സാന്നിദ്ധ്യത്തിൽ കൂടിയ യോഗത്തിൽ മുന്നറിയിപ്പുണ്ടായി.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിധിയെ കുറിച്ചും ഭാരവാഹികൾ വിമർശനമുയർത്തി.
കളമശേരി നഗരസഭ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നേതാക്കളിൽ പലരും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന് വിമർശനം ഉയർന്നു. പ്രവർത്തകരുടെ വികാരം പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി യോഗത്തെ അറിയിച്ചു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഷാനവാസ് അദ്ധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ കെ.കെ ജിന്നാസ്, ജോസഫ് ആന്റണി, ലിസി ജോർജ്, ഇ.കെ സേതു, കെ.ഐ ഷാജഹാൻ, നാസർ എടയാർ, വി .ജി . ജയകുമാർ, എ. കെ. ബഷീർ, മധു പുറക്കാട്, ജബ്ബാർ കുമ്മഞ്ചേരി എന്നിവർ സംസാരിച്ചു.