മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കൊവിഡ് സെന്ററിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ കൈമാറി. എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളാണ് കൈമാറിയത്. പുതുതായി വാങ്ങിയ ഉപകരണങ്ങൾ എൽദോ എബ്രഹാം എം.എൽ.എ ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയന് കൈമാറി. നഗരസഭ ചെയർമാൻ പി.പി.എൽദോസ്, വൈസ്‌ചെയർപേഴ്‌സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം.അബ്ദുൽ സലാം, അജി മുണ്ടാട്ട്, നിസ അഷറഫ്, പ്രതിപക്ഷ നേതാവ് ആർ.രാകേശ്, ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയൻ, ആർ.എം.ഒ ഡോ.ധന്യ.എൻ.പി, നഗരസഭ കൗൺസിലർമാർ എന്നിവർ സംസാരിച്ചു. ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കൊവിഡ് സെന്ററിലേയ്ക്ക് അടിയന്തിരമായി ആവശ്യമായി വന്ന അത്യാധുനിക സജീകരണങ്ങളോടുകൂടിയ ഉപകരണങ്ങൾ വാങ്ങുന്നതിനാണ് 20ലക്ഷം രൂപ അനുവദിച്ചത്. എമർജൻസി മെഡിസിൻ സ്റ്റോർ ചെയ്യുന്നതിനായി ക്രാഷ് കാർറ്റ്, വിവിധ ഇൻഞ്ചക്ഷനുകൾക്കായി ഉപയോഗിക്കുന്ന ഇൻഫ്യഷൻ പംമ്പ്, മൾട്ടി പാരമീറ്റർ, നിയോനറ്റൽ മോണിറ്റർ, വെന്റിലേറ്റർ പേഷ്യന്റിന് ഉപയോഗിക്കുന്ന ഇലക്ട്രിക്കൽ സെക്ഷൻ അപ്പാരറ്റ്, പൾസും, ബോഡിയിലെ ഓക്‌സിജൻ ചെക്ക് ചെയ്യുന്ന പൾസ് ഓക്‌സി മീറ്റർ, കുട്ടികളുടെ പൾസും ബോഡിയിലെ ഓക്‌സിജനും ചെക്ക് ചെയ്യുന്ന പൾസ് ഓക്‌സി മീറ്റർ, സിറിഞ്ച് പമ്പ്, രക്തം നിൽക്കുന്നതിനും വെന്റിലേറ്ററിൽ ഉപയോഗിക്കുന്ന ട്യൂബ് അടയ്ക്കമുള്ള ട്രോമ കെയർ ക്രാഷ് കാർറ്റ്, 12 ലെഡ് ഇ.സി.ജി.മെഷീൻ, ട്രോമ എമർജൻസി കോട്ട്, അണുവിമുക്തമാക്കുന്നതിനുള്ള ഫ്യുമിഗേഷൻ ഡിസ്‌പെൻസർ, വെയിൻ ഡിറ്റ്ര്രകിംഗ് ട്രാൻസ്മുലൈറ്റിംഗ് ഡിവൈസ്, യുറിൻ, ബ്ലഡ് ടെസ്റ്റ് ചെയ്യുന്നതിന് മിക്‌സ് ചെയ്യുന്ന ഉപകരണം, ഐസിയുവിൽ ഉപയോഗിക്കുന്ന ബെഡ്, രോഗികളെ എടുത്ത് കൊണ്ട് പോകാൻ ഉപയോഗിക്കുന്ന ആധുനിക രീതിയിലുള്ള സ്ട്രച്ചർ അടയ്ക്കമുള്ള ഉപകരണങ്ങളാണ് വാങ്ങി നൽകിയത്. ഇതോടൊപ്പം തന്നെ അടുത്തമാസം ഉദ്ഘാടനത്തിനൊരുങ്ങുന്ന ജനറൽ ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ ആശുപത്രിയിലെ മരുന്നുകൾ സൂക്ഷിക്കുന്നതിനായി സജ്ജീകരിക്കുന്ന മെഡിക്കൽ സ്റ്റോർ റൂമിൽ രണ്ട് ടണ്ണിന്റെ ആറ് എ.സി, ഒരു ടണ്ണിന്റെ മൂന്ന് എ.സി, മരുന്നുകൾ സൂക്ഷിക്കുന്നതിനുള്ള അലമാരികൾ മറ്റ് സൗകര്യങ്ങൾ പുതിയ മെഡിക്കൽ സ്റ്റോർ റൂമിൽ ഒരുക്കുന്നതിന് 13ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.