കൊച്ചി: സിസ്റ്റർ അഭയയെ കൊലപ്പെടത്തിയ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി, വിചാരണക്കോടതി തനിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സി.ബി.ഐക്ക് നോട്ടീസ് നൽകാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
1992 മാർച്ച് 27 നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റ് ഹോസ്റ്റലിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പിന്നീട് സി.ബി.ഐ അറസ്റ്റു ചെയ്ത ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തം തടവുമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി വിധിച്ചത്. എന്നാൽ മതിയായ തെളിവുകളില്ലാതെയാണ് വിചാരണക്കോടതി ശിക്ഷവിധിച്ചതെന്നും വിധിന്യായത്തിലെ പല കണ്ടെത്തലുകളും വസ്തുതാവിരുദ്ധമാണെന്നുമാരോപിച്ചാണ് സിസ്റ്റർ സെഫി അപ്പീൽ നൽകിയത്. നേരത്തെ ഫാ. തോമസ് കോട്ടൂരും വിധിക്കെതിരെ അപ്പീൽ നൽകിയിരുന്നു.