അങ്കമാലി :അങ്കമാലി ബൈപാസിന്റെ നിർമ്മാണത്തിനായി ഏറ്റെടുക്കേണ്ട ഭൂമിയിൽ അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി പൂർത്തീകരിച്ചതായി റോജി എം.ജോൺ എം.എൽ.എ അറിയിച്ചു.അതിർത്തിക്കല്ലുകൾ സ്ഥാപിച്ച സ്ഥലത്തിന്റെ നടപടി ക്രമമനുസരിച്ചുള്ള സംയുക്ത പരിശോധന റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷൻ (ആർ.ബി.ഡി.സി.കെ)ഉദ്യോഗസ്ഥരും റവന്യു അധികാരികളും ചേർന്ന് നടത്തി. ബൈപാസ് ആരംഭിക്കുന്ന കരയാംപറമ്പ് ജംക്ഷൻ മുതൽ അവസാനിക്കുന്ന അങ്കമാലി റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്താണ് പരിശോധന നടത്തിയത്. ഇതോടനുബന്ധിച്ച് 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം നിഷ്‌കർഷിക്കുന്നത് അനുസരിച്ചുള്ള സാമൂഹ്യാഘാത പഠനം ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ.അറിയിച്ചു. ഇതു കൂടെ പൂർത്തീകരിച്ചാൽ ബൈപാസിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നിർമാണത്തിലേക്കു കടക്കാൻ സാധിക്കും.

സംയുക്ത പരിശോധനയിൽ റോജി എം.ജോൺ എം.എൽ.എ , അങ്കമാലി മുനിസിപ്പൽ ചെയർമാൻ റെജി മാത്യു, വൈസ് ചെയർമാൻ റീത്താപോൾ , കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, കൗൺസിലർമാരായ സാജു നെടുങ്ങാടൻ, പഞ്ചായത്ത് അംഗങ്ങളായ റോയി ഗോപുരത്തിങ്കൽ, റോസി പോൾ, കെ.പി.അയ്യപ്പൻ, മിനി ഡേവിസ്, മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ എൻ.വി.പോളച്ചൻ, ഡാന്റി ജോസ്,സനൂജ് സ്റ്റീഫൻ, ആർ.ബി.ഡി.സി.കെ.ഡെപ്യൂട്ടി കളക്ടർ പി.രാജൻ, കിഫ്ബി സ്‌പെഷ്യൽ തഹസിൽദാർ എം.ജെ.യൂജിൻ, കറുകുറ്റി വില്ലേജ് ഓഫീസർ മുരളീധരൻ പി.പി. എന്നിവർ സന്നിഹിതരായിരുന്നു.