കൊച്ചി: ആഗോളതാപനത്തിനെതിരെ പരിസ്ഥിതിസംരക്ഷണ സന്ദേശവുമായി കൊച്ചിയിൽ നിന്ന് പുറപ്പെട്ട സൈക്കിൾ യാത്രാസംഘം തമിഴ്നാട്ടിലെ ധനുഷ്കോടിയിൽ എത്തി.
'ബീറ്റ് ദ ഹീറ്റ്, സേവ് ദ പ്ലാനറ്റ്' എന്ന മുദ്രാവാക്യവുമായി കൊച്ചിയിലെ സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്‌സ് (പി.എഫ്.കെ) ലെ 6 അംഗങ്ങൾ 22 ന് വൈകിട്ടാണ് യാത്ര പുറപ്പെട്ടത്. 5 ദിവസം കൊണ്ട് 500 കിലോമീറ്റർ ദൂരം താണ്ടി 27നാണ് ധനുഷ്കോടിയിൽ എത്തിയത്. സാധാരണക്കാർക്കിടയിൽ സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതും ഈ അന്തർസംസ്ഥാന യജ്ഞത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ചെറിയ യാത്രകളിൽ മോട്ടോർ ബൈക്കുകൾക്ക് പകരം സൈക്കിൾ ഉപയോഗം ശീലമാക്കിയാൽ വ്യക്തികളുടെ ആരോഗ്യത്തിനും സമൂഹത്തിനും ഏറെ നന്മയുണ്ടാകും. ഇന്ധനം കത്തുന്നതുമൂലമുള്ള അന്തരീക്ഷ മലിനീകരണവും ചൂടും കുറയുമ്പോൾ ആഗോളതാപനത്തിന് ഒരുപരിധിവരെ പരിഹാരമാകും. അതുപോലെ സൈക്കിൾ യാത്രയോളം ഫലപ്രദമായ ശാരീരിക വ്യായാമവും വേറെയില്ല.
പെഡൽ ഫോഴ്‌സ് സ്ഥാപകൻ ജോബി രാജു, സുഹുത്തുക്കളായ അനിൽ തോമസ്, സന്തോഷ് ജോസഫ്, ജി. ഗിരീഷ്, നാരായണ കുമാർ, ഷെല്ലി ജോസഫ് എന്നിവരാണ് 22 ന് വൈകിട്ട് വൈറ്റില മെട്രോ സ്റ്റേഷന് മുമ്പിൽ നിന്നും പുറപ്പെട്ടത്. ആലപ്പുഴ, ചങ്ങനാശേരി, അടൂർ, തെന്മല, തെങ്കാശി, കോവിൽപെട്ടി, ഏർവാടി, പാമ്പൻ പാലം, രാമേശ്വരം വഴി വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളും ഏറ്റുവാങ്ങി 27 ന് രാവിലെ ധനുഷ്‌കോടിയിലെത്തിയത്. കനത്ത ചൂടും കാറ്റും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് യാത്ര പൂർത്തിയാക്കിയതെന്ന് കോ-ഓർഡിനേറ്റർ ജോബി രാജു പറഞ്ഞു.
താൽപര്യമുള്ളവർക്ക് www.pedalforce.org എന്ന വെബ്‌സൈറ്റിലൂടെ പി.എഫ്.കെ. കൂട്ടായ്മയിൽ അംഗമാകാനും അവസരമുണ്ട്.