കൊച്ചി : സ്വർണക്കടത്തു കേസിൽ പ്രോസിക്യൂഷൻ അനുമതിയില്ലാതെ ഇ.ഡി തനിക്കെതിരെ സമർപ്പിച്ച കുറ്റപത്രം നിയമപരമായി നിലനിൽക്കില്ലെന്നും സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ ഹർജി പിൻവലിച്ചു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ ഹർജി പരിഗണിക്കാനെടുത്തപ്പോഴാണ് പിൻവലിക്കാൻ ശിവശങ്കറിന്റെ അഭിഭാഷകൻ അനുമതി തേടിയത്. ഇ.ഡി കേസിൽ ഹൈക്കോടതി ജാമ്യം നൽകിയ സാഹചര്യത്തിൽ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന ശിവശങ്കറിന്റെ അപേക്ഷ കോടതി അനുവദിച്ചു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചതിന് സ്വപ്‌ന സുരേഷ്, പി.എസ്. സരിത്ത് തുടങ്ങിയവർക്കെതിെരെ ഇ.ഡി കേസെടുത്തു. ശിവശങ്കറിനും ഇതിൽ ബന്ധമുണ്ടെന്ന് കണ്ടതോടെയാണ് പ്രതി ചേർത്ത് അനുബന്ധ കുറ്റപത്രം നൽകി. സസ്പെൻഷനിലാണെങ്കിലും സർക്കാർ ഉദ്യോഗസ്ഥനായ തനിക്കെതിരെ കുറ്റപത്രം നൽകാൻ പ്രോസിക്യൂഷൻ അനുമതി വേണമെന്നായിരുന്നു ശിവശങ്കറിന്റെ വാദം.