കൊച്ചി: വീട് കുത്തിത്തുറന്ന് 127 പവൻ സ്വർണാഭരണങ്ങൾ കവരുകയും തിരിച്ചറിയാതിരിക്കാൻ സംഘാംഗങ്ങളിൽ ഒരാളെ കൊലപ്പെടുത്തി കത്തിക്കുകയും ചെയ്‌ത കേസിൽ നാലുപേരെ അറസ്‌റ്റുചെയ്‌തു. തോപ്പുംപടി ചുള്ളിക്കൽ കൂട്ടുങ്കൽ ഡിനോയ് ക്രിസ്‌റ്റോ (24), ട്രാൻസ്ജെൻഡറായ മലപ്പുറം തിരൂർ തണലൂർ വിഷാറത്ത് വീട്ടിൽ വി. ഹാരീസ് (സുലു 34), എറണാകുളം കണ്ണമാലി കാട്ടിപ്പറമ്പ് പാട്ടാളത്ത് മണിലാൽ (സൂര്യ19), പുനലൂർ വിളക്കുവട്ടം പരപ്പിൽ പ്രസാദ് (25) എന്നിവരെയാണ് എളമക്കര പൊലീസ് അറസ്‌റ്റുചെയ്‌തത്. മോഷണസംഘത്തിലുണ്ടായിരുന്ന ഫോർട്ടുകൊച്ചി കഴുത്തുമുട്ട് മംഗലത്ത് ജോബിയാണ് (19) കൊല്ലപ്പെട്ടത്.
പുതുവത്സരരാത്രിയാണ് ഡിനോയിയുടെ പിതൃസഹോദരന്റെ എളമക്കരയിലുള്ള വീട്ടിൽ മോഷണം നടന്നത്. തൊട്ടടുത്തദിവസം ഡിനോയിയുടെ സഹോദരിയുടെ വിവാഹമായിരുന്നു. ഇതിനായി പിതൃസഹോദരന്റെ കുടുംബം വീട്ടിൽ എത്തിയെന്ന് നേരിൽകണ്ട് ഉറപ്പാക്കിയ ശേഷമാണ് സംഘാംഗങ്ങളുമായി മോഷണത്തിനെത്തിയത്. മോഷണമറിഞ്ഞ് പൊലീസ് വീട്ടിലെത്തിയപ്പോൾ ഡിനോയിയും അവിടെയുണ്ടായിരുന്നു. പരിശോധനയ്ക്കിടെ ഡോഗ് സ്ക്വാഡിലെ ഒരംഗത്തോട് പ്രതികളുടെ മണം എത്രനേരം വീട്ടിൽ നിൽക്കുമെന്ന് ഡിനോയ് തിരക്കിയിരുന്നു. ഈ വിവരം അന്വേഷണസംഘത്തിന് ലഭിച്ചതോടെ ഡിനോയ് നിരീക്ഷണത്തിലായിരുന്നു.
അതിനിടെയാണ് ബുധനാഴ്ച രാവിലെ എറണാകുളം പുല്ലേപ്പടിക്ക് സമീപമുള്ള റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മോഷണക്കേസുമായി ബന്ധപ്പെട്ട് ഡിനോയിയെ ചോദ്യംചെയ്യവേ കൊലപാതകവും സമ്മതിക്കുകയായിരുന്നു.
മോഷണ സ്ഥലത്തെ വിരലടയാളം ലഭിച്ചതോടെ ചോദ്യംചെയ്യാനായി ഡിനോയി, ജോബി എന്നിവരോട് സ്റ്റേഷനിൽ ഹാജരാകാൻ നേരത്തേ നിർദ്ദേശിച്ചിരുന്നു. മോഷണസമയത്ത് ഗ്‌ളൗസ് ധരിച്ചിരുന്നതിനാൽ ഒരു കൂസലുമില്ലാതെ ഡിനോയി പൊലീസ് സ്‌റ്റേഷനിലെത്തി. ജോബി ഗ്‌ളൗസ് ധരിച്ചിരുന്നില്ല. ഒളിവിൽ പോകാൻ ഡിനോയ് നിർദ്ദേശിച്ചെങ്കിലും ജോബി കൂട്ടാക്കിയില്ല. അതോടെയാണ് അറസ്റ്റിലാകാതിരിക്കാൻ ജോബിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
സ്വർണാഭരണങ്ങളിൽ ഭൂരിഭാഗവും പൊലീസ് കണ്ടെടുത്തു. രണ്ടരലക്ഷം രൂപയുടെ സ്വർണം മലപ്പുറത്തെ ജുവലറിയിൽ വിറ്റിരുന്നു. മിച്ചമുണ്ടായിരുന്ന ഒന്നരലക്ഷം രൂപ ഡിനോയിയിൽനിന്ന് പിടിച്ചെടുത്തു.
കൊലപാതകം
ചൊവ്വാഴ്ച രാത്രി നഗരത്തിലെ ബാറിൽ മദ്യപിച്ചശേഷം ജോബിയെ വിജനമായ റെയിൽവേ ട്രാക്കിന് സമീപം എത്തിക്കുകയായിരുന്നു. തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. അതിനുശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഡിനോയിയാണ് ജോബിയെ കൊലപ്പെടുത്തിയത്. മറ്റുള്ളവരുടെ പങ്ക് വിശദമായ ചോദ്യംചെയ്യലിലേ വ്യക്തമാകൂവെന്ന് സിറ്റി പൊലീസ് കമ്മിഷണർ എച്ച്. നാഗരാജു പറഞ്ഞു. കൊലപാതകം തെളിഞ്ഞതിനാൽ കോടതിയുടെ അനുമതിയോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.