• മണ്ണിടിച്ചിൽ ഭീതിയിലുള്ള 21 കോളനി നിവാസികളെ മാറ്റിപ്പാർപ്പിക്കും
• ഓലിമുകൾ പളളിക്ക് സമീപം നാല്പത് സെന്റ് സ്ഥലം കണ്ടെത്തി
തൃക്കാക്കര : പതിറ്റാണ്ടുകളായി മണ്ണിടിച്ചൽ ഭീതിയിൽ കഴിയുന്ന അത്താണി കീരേലിമലയിലെ 21 കോളനി നിവാസികളുടെ ദുരിതത്തിന് അറുതിയാവുന്നു. ഈ കുടുംബങ്ങൾക്ക് പുനരധിവാസത്തിനായി കാക്കനാട് ഓലിമുകൾ പള്ളിക്ക് സമീപത്തെ നാല്പത് സെന്റ് സ്ഥലം പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പ് കണ്ടെത്തി.
കാക്കനാട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ഭൂമി അളന്നു തിരിച്ച് വൃത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കിക്കഴിഞ്ഞു. തൃക്കാക്കര നഗരസഭ കൗൺസിലർ എം.ജെ ഡിക്സന്റെ നേതൃത്വത്തിൽ റവന്യൂ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ അടിയന്തിര ഇടപെടൽ. റവന്യൂ അധികൃതർ സ്ഥലത്തെത്തി ഓരോ കുടുംബങ്ങൾക്ക് നൽകേണ്ട സ്ഥലത്തിന്റെ സ്‌കെച്ച് തയ്യാറാക്കി ജില്ലാ കളക്ടർക്ക് സമർപ്പിച്ചു.
വർഷങ്ങൾക്ക് മുമ്പ് അത്താണി പാറമടയ്ക്ക് സമീപം ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും താമസയോഗ്യമല്ലാത്തതിനാൽ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.
മണ്ണിടിച്ചിലിനെ തുടർന്ന് കീരേലിമലകോളനി നിവാസികൾ കഴിഞ്ഞ ഒരാഴ്ചക്കാലമായി കാക്കനാട് മാർ അത്തനേഷ്യസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്.
30 അടിയോളം താഴ്ചയിൽ മണ്ണെടുത്ത ഭാഗത്ത് 21 കുടുംബങ്ങളുണ്ട്. കോളനിയിൽ മലപോലെ നിൽക്കുന്ന ഭിത്തി ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്.
മലയുടെ മുകളിൽ കെട്ടിയ കരിങ്കൽ ഉൾപ്പെടെ ഇടിഞ്ഞു വീണാൽ വൻ ദുരന്തത്തിനാണ് സാദ്ധ്യത. ഇവിടെ നിൽക്കുന്ന പാഴ്‌മരങ്ങൾക്ക് കാറ്റ് പിടിച്ചാൽ പോലും അപകടം ഉണ്ടായേക്കാം. കഴിഞ്ഞ വർഷങ്ങളിൽ മണ്ണിടിച്ചൽ ഉണ്ടായതിനെ തുടർന്ന് കോളനി നിവാസികളെ കാക്കനാട് മുനിസിപ്പൽ എൽ.പി സ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. കാറും കോളും ഉരുണ്ട് കൂടുമ്പോൾ കോളനി നിവാസികൾക്ക് സമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കീരേലിമല കോളനിക്കാരുടെ ഈ ദുരിതത്തിനു കാൽ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.