പെരുമ്പാവൂർ: കഴിഞ്ഞ മൂന്നര വർഷമായി തുടർന്നു വരുന്ന ജി.എസ്.ടിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്ത സാഹചര്യത്തിൽ രാജ്യവ്യാപകമായി ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷ്ണേഴ്സ് അസോസിയേഷൻ നടത്തുന്ന സമരങ്ങൾക്ക് ഇന്ന് തുടക്കമാകും. 30 സംസ്ഥാനങ്ങളിൽ നിന്നും നികുതി മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളും, നൂറോളം സംഘടനകൾ നേതൃത്വം നൽകുന്നു. ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷ്ണേഴ്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ 14 ജില്ലാ ആസ്ഥാനങ്ങളിലുള്ള ജി.എസ്.ടി. ഓഫീസ് പടിക്കൽ രാവിലെ 11മുതൽ ധർണ നടത്തും. ജില്ലാതല ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവഹിക്കും. നഗരസഭാ അദ്ധ്യക്ഷൻ ടി.എം. സക്കീർ ഹുസൈൻ, ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ എന്നിവർ പങ്കെടുക്കുമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത് ടി.സി.പി.എ.കെ. ദേശീയ കോർ കമ്മിറ്റി അംഗങ്ങളായ ഇ.കെ. ബഷിർ, കെ. സോമരാജ്, പി.കെ. സന്തോഷ് കുമാർ, സി.ടി. തങ്കച്ചൻ, ബി. അശോക്കുമാർ, എ.പി. വർഗീസ്, ഇ.ബി.എ. ലെനിൻ എന്നിവർ പറഞ്ഞു.