bridge
കുന്നുകര - കരുമാല്ലൂർ പഞ്ചായത്ത് കരകളുമായി ബന്ധപ്പെട്ട പെരിയാറിലെ മാമ്പ്രക്കടവ്.

നെടുമ്പാശേരി: കരുമാല്ലൂർ - കുന്നുകര - ആലങ്ങാട് പഞ്ചായത്തുകളെ ബന്ധപ്പിച്ച് പെരിയാറിന് കുറുകെ മാമ്പ്ര കടവിൽ കുന്ന് - കോട്ടപ്പുറം പാലവും തൃശൂർ - എറണാകുളം ജില്ലകളെ ബന്ധപ്പെടുത്തി തീരദേശപാതയും നിർമ്മിക്കണമെന്നാവശ്യം ശക്തമായി.

ആദ്യകാലങ്ങളിൽ ഇരുകരകളിലുമുള്ളവർ മാമ്പ്ര കടവിലെ കടത്ത് വഞ്ചികളെയാണ് ഗതാഗതത്തിനായി ആശ്രയിച്ചിരുന്നത്. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ ഫെറി സർവ്വീസ് ആരംഭിച്ചതോടെയാണ് ദുരിതമാരംഭിക്കുന്നത്. നഷ്ടത്തിന്റെ പേരിൽ ഫെറി സർവീസ് ഏറ്റെടുക്കാൻ ആളില്ലാതായതോടെ സമീപ പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകൾ പുഴ കടക്കാൻ മാർഗമില്ലാതെ വലയുകയാണ്. കുന്നുകര പഞ്ചായത്തിലെ 7,11,12 വാർഡുകളിലുള്ളവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ഫെറി സർവീസ് പ്രതീക്ഷിച്ച് സമീപപ്രദേശങ്ങളിൽ നിന്നും മറ്റും എത്തുന്നവർ മാമ്പ്രക്കടവിലത്തെി നിരാശരായി മടങ്ങുകയാണ്. തൃശൂർ - എറണാകുളം ജില്ലകളെ ബന്ധപ്പെടുത്തി തീരദേശപാത നിർമ്മിക്കണമെന്നാവശ്യം ഉയർന്നുവരുന്ന സാഹചര്യത്തിൽ മാമ്പ്രക്കടവിലെ പാലം ഏറെ പ്രയോജനം ചെയ്യുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

ജനകീയ സമിതി രൂപീകരിച്ചു

തൃശൂർ ജില്ലയിൽപ്പെട്ട കുണ്ടൂരിലും കുന്നുകര പഞ്ചായത്തിലെ കളത്തിക്കടവിലും പാലം നിർമ്മിച്ചാൽ ഇരിങ്ങാലക്കുട, മാള, വലിയപ്പറമ്പ്, കുഴൂർ, കുണ്ടൂർ പ്രദേശങ്ങളിലുള്ളവർക്ക് എറണാകുളം ജില്ലയുടെ തെക്കൻ പ്രദേശങ്ങളിലേക്കും തിരിച്ച് തൃശൂർ ജില്ലയുടെ വിവധ പ്രദേശങ്ങളിലും എളുപ്പത്തിലെത്താം. ഇതോടൊപ്പം തീരദേശ പാതയും യാഥാർത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിന്റെ ഭാഗമായി 'ജനകീയ വികസന കൂട്ടായ്മ' സി.വി. ബിജീഷ് (ചെയർമാൻ), എ.എ. അബ്ദുറഹ്മാൻകുട്ടി (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായി ജനകീയ സമിതിക്ക് രൂപീകരിച്ചു. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജീയർക്ക് നിവേദനം കിയിട്ടുണ്ട്.