പള്ളുരുത്തി: അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ട് താലപ്പൊലിയോടനുബന്ധിച്ച് കൊട്ടാര പറ വഴിപാട് നടത്തി. നൂറ്റാണ്ടുകൾക്കു മുൻപേ നടക്കുന്ന ആചാരമാണിത്. രാജഭരണ കാലത്ത് ഭഗവതിക്ക് ആദ്യ പറ നൽകിയിരുന്നത് കൊട്ടാരത്തിലെ രാജാവായിരുന്നു. പിൽക്കാലത്ത് ക്ഷേത്രം ബോർഡ് ഏറ്റെടുത്തതോടെ ഭാരവാഹികൾ ചടങ്ങ് ഏറ്റെടുത്തു. മേൽശാന്തി രാമൻ നമ്പൂതിരി പറ എതിരേറ്റു. തുടർന്ന് ക്ഷേത്രം ദേവസ്വം അധികാരി ശ്രീരാജ് ഗോപാലകൃഷ്ണൻ ദേവിക്ക് പറ സമർപ്പണം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർക്ക് കൊട്ടാരത്തിൽ പ്രവേശനം നൽകിയില്ല. ക്ഷേത്ര ചടങ്ങുകൾക്ക് ഭാരവാഹികളായ ഷൈൻ, രാമറാവു എന്നിവർ നേതൃത്വം നൽകി. തുടർന്ന് മട്ടാഞ്ചേരി പളളിയറക്കാവ്, പഴയനൂർ ക്ഷേത്രങ്ങളിലും പറയെടുപ്പ് നടന്നു.