മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ അഞ്ച് വർഷം കൊണ്ട് സമ്പൂർണ്ണ ഭവന പദ്ധതി നടപ്പാക്കുമെന്ന് നഗരസഭാ ചെയർമാൻ പി.പി.എൽദോസ്. ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും മുനിസിപ്പൽ ടൗഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർമാൻ. പുതിയ കൗൺസിൽ അധികാരത്തിലെത്തി ഒരു മാസം പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഒന്നാം ഘട്ടമായി എഴുപത് വീടുകൾ നിർമ്മിക്കുന്നതിന് നടപടി സ്വീകരിച്ചു. ഇതോടെ പദ്ധതി പ്രകാരമുള്ള വീടുകളുടെ എണ്ണം 294 ആയി വർദ്ധിച്ചു. സ്വന്തമായി സ്ഥലം ഇല്ലാത്തവർക്ക് ഭവനം ഒരുക്കുന്നതിന് നഗരത്തിൽ പാർപ്പിട സമുച്ചയം നിർമ്മിക്കുമെന്നും ചെയർമൻ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ലൈഫ് മിഷൻ പൂർത്തീകരിച്ച് രണ്ടര ലക്ഷം വീടുകളുടെ പ്രഖ്യാപനം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തദ്ദേശ വകുപ്പു മന്ത്രി എ.സി.മൊയ്തീൻ സന്ദേശം നൽകി. നഗരസഭാതല ഉദ്ഘാടന ചടങ്ങിൽ വൈസ് ചെയർപേഴ്‌സ സിനി ബിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം. അബ്ദുൾ സലാം, ജോസ് കുര്യാക്കോസ്, നിസ അഷറഫ്, പ്രതിപക്ഷ നേതാവ് ആർ.രാകേഷ്, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ആരിഫ്ഖാൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഗുണഭോക്തൃ അദാലത്തിൽ ആരോഗ്യ, കൃഷി, റവന്യു, പട്ടികജാതി വർഗ്ഗ ക്ഷീര വികസം, ഐ.ടി, സിവിൽ സപ്ലൈസ്, വ്യവസായ, തൊഴിലുറപ്പ്, എൻ.യു.എൽ.എം, കുടുംബശ്രീ, വനിതാ ശിശു വികസന, സാമൂഹിക നീതി വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിച്ചു.