bjp

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പഴുതടച്ച പ്രവർത്തനത്തിന് എറണാകുളത്ത് ചേർന്ന ആർ.എസ്.എസ് - ബി.ജെ.പി നേതൃയോഗത്തിൽ ധാരണ. സ്ഥാനാർത്ഥി ലിസ്റ്റ് സംബന്ധിച്ചും പൊതുവായ ചർച്ച നടന്നു.

സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് തർക്കമുള്ള സ്ഥലങ്ങളിൽ ജില്ലാതലത്തിൽ ആർ.എസ്.എസ് - ബി.ജെ.പി നേതൃയോഗം ചേർന്ന് തർക്കം പരിഹരിക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ചുമതലക്കാരായി ആർ.എസ്.എസിന്റെ ഒരു നിരീക്ഷകനുമുണ്ടാകും. ബൂത്ത്തല പ്രവർത്തനം കൂടുതൽ ശക്തമാക്കും. ബി.ജെ.പി ബൂത്ത് കമ്മിറ്റി സജീവമല്ലാത്ത സ്ഥലങ്ങളിൽ ആർ.എസ്.എസ് ഘടകങ്ങൾ മുന്നിട്ടിറങ്ങും.

സംസ്ഥാനത്തെ യഥാർത്ഥ പ്രതിപക്ഷമെന്ന നിലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. മുസ്ലിം തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുന്ന യു.ഡി.എഫ്, എൽ.ഡി.എഫ് നയങ്ങൾ തുറന്നുകാട്ടും. മുസ്ലിംലീഗിന്റെ അപ്രമാദിത്വം തിരഞ്ഞെടുപ്പ് വിഷയമാക്കും. കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ മണ്ഡലം തലത്തിൽ നടക്കുന്ന ശിബിരങ്ങളെ യോഗം വിലയിരുത്തി. കെ. സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയെക്കുറിച്ചും ചർച്ചചെയ്തു. സംഘടനയിൽ താഴേത്തട്ട് മുതൽ സംസ്ഥാന നേതൃത്വംവരെ അച്ചടക്കത്തിന്റെ കാര്യത്തിൽ കർശന നിയന്ത്രണം വേണമെന്ന് ആർ.എസ്.എസ് നിർദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ സ്വീകരിച്ച നടപടിയും വിശദീകരിച്ചു. പാർട്ടിക്കുള്ളിലെ ഭിന്നതകൾ ചർച്ചചെയ്ത് പരിഹരിക്കണമെന്നും അഭിപ്രായമുയർന്നു.

എളമക്കരയിലെ ആർ.എസ്.എസ് സംസ്ഥാന ആസ്ഥാനത്ത് രാവിലെ പത്തിന് തുടങ്ങിയ യോഗം വൈകിട്ട് ആറിനാണ് സമാപിച്ചത്. ആർ.എസ്.എസ് നേതാക്കളായ കെ.കെ. ബലറാം, പി. ഗോപാലൻകുട്ടി, എം. രാധാകൃഷ്ണൻ , ഹരികൃഷ്ണൻ, ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, എം. ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.