ആലുവ: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് മാനദണ്ഡം പാലിക്കാതെയാണെന്ന് ആക്ഷേപം. പൊലീസ് ഓഫീസേഴ്സിന്റെ വാട്ടസ് ആപ്പ് ഗ്രൂപ്പുകളിലാണ് സർക്കാർ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം അനുസരിച്ച് ഒരേ തസ്തികയിൽ മൂന്ന് വർഷം പൂർത്തിയാക്കിയവരെയും തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെയു (സ്റ്റേഷൻ ഓഫീസർമാർ)മാണ് സ്ഥലം മാറ്റേണ്ടത്. എന്നാൽ കൊച്ചി മധ്യമേഖല റേഞ്ചിൽ സ്ഥാനകയറ്റം ലഭിച്ച് രണ്ട് വർഷം പോലും തികയാത്ത എസ്.ഐമാരെയും സ്ഥലം മാറ്റുകയാണ്. 2019 മാർച്ചിൽ സ്ഥാനക്കയറ്റം ലഭിച്ച് മറ്റ് ജില്ലകളിൽ നാല് മാസത്തോളം ജോലി ചെയ്തു തിരിച്ച് വന്നവരുമാണ് വീണ്ടും സ്ഥലം മാറ്റത്തിന് വിധേയരാകുന്നത്. സ്‌പെഷ്യൽ ബ്രാഞ്ച് കമ്പ്യൂട്ടർ വിംഗ്, ട്രെയിനിംഗ് തുടങ്ങി മറ്റ് വിഭാഗത്തിൽപ്പെടുന്നവരെ സ്ഥലം മാറ്റത്തിൽ ഉൾപ്പെട്ടുത്തേണ്ടതില്ലെന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പുമായി ബന്ധവുമില്ലാത്ത ഡി.സി.ആർ.ബി, നാർക്കോട്ടിക് സെൽ, ജില്ലാ ക്രൈംബ്രാഞ്ച് എന്നീ വിഭാഗങ്ങളിലെ എസ്.ഐമാരെയും സ്ഥലം മാറ്റി.
കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലേക്കാണ് മാറ്റുന്നത്. ലോക്കൽ പൊലീസിലെ സ്‌പെഷ്യൽ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന എസ്.ഐമാർ അധികവും ശാരീരിക അവശത അനുഭവിക്കുന്നവരും രണ്ട് വർഷത്തിൽ താഴെ സർവ്വീസ് ബാക്കിയുള്ളവരുമാണ്. ഈ മഹാമാരി കാലത്ത് ഇവരെയെല്ലാം സ്ഥലം മാറ്റുന്നത് വളരെയധികം പ്രയാസത്തിലാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവുകളിൽ വ്യക്തത വരുത്താതെയാണ് സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും ഇക്കാര്യത്തിൽ പൊലിസ് സംഘടന ആവശ്യമായ ഇടപെടലുകൾ നടത്താത്തതും വിമർശന വിധേയമാകുന്നുണ്ട്.