milma

കൊച്ചി: മിൽമ എറണാകുളം യൂണിയൻ ക്ഷീര സംഘം ഭാരവാഹികൾക്കും ജീവനക്കാർക്കും വേണ്ടി പരിശീലന കേന്ദ്രം തുടങ്ങുന്നു. ധവളവിപ്ലവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യന്റെ പേരിൽ മൂന്നാറിൽ ആരംഭിക്കുന്ന കേന്ദ്രം ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു നാളെ (31) നാടിന് സമർപ്പിക്കും.

എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം ജില്ലകളാണ് എറണാകുളംം യൂണിയന്റെ കീഴിലുള്ളത്. ഫ്രെബ്രുവരി മൂന്നിന് ആദ്യ പരിശീലന പരിപാടിക്ക് തുടക്കമാകുമെന്ന് മേഖല ചെയർമാൻ ജോൺ തെരുവത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാവിലെ 11ന് കേന്ദ്ര അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എസ്. രാജേന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., മിൽമ ചെയർമാൻ പി.എ. ബാലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മണിമൊഴി, മുൻ എം.എൽ.എ എ.കെ. മണി, കല്ലട രമേശ് തുടങ്ങിയവർ പ്രസംഗിക്കും. ജോൺ തെരുവത്ത് സ്വാഗതവും എം.ഡി. വിൽസൺ ജെ. പുറവക്കാട്ട് നന്ദിയും പ്രകാശിപ്പിക്കും.

വാർത്താസമ്മേളനത്തിൽ എം.ഡി. വിൽസൺ ജെ. പുറവക്കാട്ട്, ലിസി സേവ്യർ, പോൾ മാത്യു എന്നിവരും പങ്കെടുത്തു.