കൊച്ചി: ക്ഷീരമേഖലയ്ക്ക് കൊവിഡ് കാലത്ത് വൻ മുന്നേറ്റം. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലായി 50,000 പേരാണ് അധികമായി മേഖലയിലേക്ക് പുതുചുവട് വച്ചത്. പ്രതിസന്ധി സ്പർശിക്കാത്ത മേഖലയായി നിലനിറുത്താൻ സഹായിച്ചതാകട്ടെ മിൽമയും. മേഖല യൂണിയനുകളുടെ സന്ദർഭത്തിനനുസരിച്ചുള്ള പ്രവർത്തനമാണ് ഇതിന് വഴിത്തിരിവായത്.
പാൽ സംഭരണം കൂടി
തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുൾപ്പെട്ട മിൽമ എറണാകുളം യൂണിയന്റെ കീഴിലുള്ള ക്ഷീരസംഘങ്ങളിൽ രാവിലെയും വൈകിട്ടുമുള്ള പാൽ സംഭരണത്തിന്റെ അളവിലും ഗണ്യമായ വർദ്ധനവ്. ലോക്ക് ഡൗൺ ആരംഭിച്ച് മൂന്നു മാസത്തിനു ശേഷം 3,50,000 ലിറ്ററാണ് ദിനംപ്രതി ക്ഷീരസംഘങളിൽ ശേഖരിക്കുന്നത്. കഴിഞ്ഞ മാസം പ്രതിദിനം അളന്നത് 3,65.000 ലിറ്റർ പാലും. മുൻ സാമ്പത്തിക വർഷം ക്ഷീരകർഷകർ വിപണനം നടത്തിയിരുന്നത് പ്രതിദിനം 2,85,000 ലിറ്റർ പാലാണ്. എറണാകുളം യൂണിയന്റെ കീഴിൽ മാത്രം കർഷകരുുടെ എണ്ണത്തിലും പശുക്കളുടെ എണ്ണത്തിലും 25 ശതമാനം വർദ്ധനവുണ്ടായെന്ന് മിൽമ അധികൃതർ പറയുന്നു. കൊവിഡ് കാലത്ത് സ്വയംതൊഴിൽ എന്ന നിലയിൽ കൂടുതൽ പേർ പശുവളർത്തലും ഫാമുകളും ആരംഭിച്ചതാണ് വർദ്ധനവിന് വഴിതെളിച്ചത്.
പ്രവാസികൾക്ക് സബ്സിഡി
നാട്ടിൽ പശുവളർത്തലിൽ ഏർപ്പെടുന്ന കർഷകർക്ക് മിൽമ പലിശ സബ്സിഡി നൽകും. വായ്പയെടുക്കുന്ന ഓരോ 50,000 രൂപയ്ക്കും അതിന്റെ ഗുണിതങ്ങൾക്കും 2500 രൂപയാണ് വാർഷിക സബ്സിഡി. ഇതോടൊപ്പം ക്ഷീരസംഘങ്ങൾ മുഖേന നടപ്പാക്കുന്നന മറ്റു പദ്ധതികളുടെ പ്രയോജനവും ലഭിക്കും.
കർഷകർക്ക് അധിക ഇൻസെന്റീവ്
എറണാകുളം മേഖലാ യൂണിയന്റെ കീഴിലുള്ള ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന ക്ഷീരകർഷകർക്ക് ലിറ്ററൊന്നിന് ഒരു രൂപാ അധിക ഇൻസെന്റീവ് നൽകും. ദൈനംദിന ചെലവുുകൾക്ക് സംഘങ്ങൾക്ക് ലിറ്ററിന് 50 പൈസായും അധികം ലഭിക്കും. പദ്ധതി ഫെബ്രുവരി ഒന്നിന് നിലവിൽ വരും.
ശമ്പളവും കൃത്യം
മേഖല യൂണിയനുകൾക്കു കീഴിലുള്ള ജീവനക്കാർക്ക് കൃത്യമായി ശമ്പളം എത്തിക്കാനും മിൽമയ്ക്കായി. കൊവിഡ് കാലത്ത് കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കുന്നതിനു പുറമെ യഥാസമയം തുക വിതരണം ചെയ്യുവാനും മിൽമയ്ക്ക് കഴിഞ്ഞു.
വില കൂട്ടാതെ
പാൽ വില വർദ്ധിപ്പിക്കാതെയാണ് കർഷകർക്കും ആപ്കോസ് ക്ഷീരസംഘങ്ങൾക്കും അധിക ഇൻസെന്റീവ് നൽകുന്നതിന് മേഖല യൂണിയൻ ഭരണസമിതി തീരുമാനിച്ചത്. ക്ഷീരമേഖലയിലേയ്ക്ക് കടന്നുവരുന്ന പ്രവാസികൾ എടുക്കുന്ന വായ്പകൾക്ക് സബ്സിഡി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ജോൺ തെരുവത്ത്
ചെയർമാൻ
മിൽമ
എറണാകുളം മേഖല