കോതാട്‌ചേന്നൂർപാലം 36 കോടി
വൈപ്പിൻ പുലിമുട്ടുകൾ 25 കോടി
വൈപ്പിൻ: വൈപ്പിൻ ദ്വീപിനും അനുബന്ധ ദ്വീപുകൾക്കുമായി 108.21കോടി രൂപ ചെലവിൽ പദ്ധതികൾ നടപ്പാക്കാൻ ഗ്രേറ്റർ കൊച്ചിഡവലപ്പ്‌മെന്റ് അതോറിറ്റി (ജിഡ) എക്‌സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയാണ് തീരുമാനമെടുത്തതെന്ന് എസ്. ശർമ്മ എം.എൽ.എ. അറിയിച്ചു. തീരദേശ സംരക്ഷണം, റോഡ്, പാലം നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുക ചെലവാക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ വൈപ്പിൻ കടലോരത്തിന്റെയും സമീപദ്വീപ് സമൂഹങ്ങളുടേയും ദീർഘകാലത്തേക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് വഴി ഒരുങ്ങിയിരിക്കുകയാണ്.
35.97 കോടി രൂപ ചെലവിൽ കോതാട് ചേന്നൂർ പാലം, 19.50 കോടിരൂപയുടെ ചേന്നൂർപിഴലപാലം, പിഴല ചേന്നൂർചരിയംതുരുത്ത് 9 മീറ്റർ റോഡ്, 20.50 കോടിയുടെ ചേന്നൂർപിഴലപാലം, മുഴവുകാട് മൂന്നാം ഘട്ടത്തിനായി കണക്കാക്കപ്പെട്ട 7.24കോടി രൂപ, വൈപ്പിൻ മുതൽ മുനമ്പം വരെ കടലോരത്ത് പുലിമുട്ട് അടക്കമുള്ള തീരസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിന് 25 കോടി രൂപ എന്നിവയാണ് അംഗീകാരം ലഭിച്ചത്. ഇതോടൊപ്പം കടമക്കുടി ചാത്തനാട്‌റോഡ് പദ്ധതിയുടെ സ്ഥലമേറ്റെടുക്കുന്നതിന് ഭൂമി വിട്ടുനല്കുന്നവർക്ക് കരം ഭൂമിയും വീടും നൽകുന്നതടക്കമുള്ള പാക്കേജ് നടപ്പാക്കുന്നതിനും തീരുമാനമായി. പാലങ്ങളുടെ അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലമേറ്റെടുക്കാനും അനുമതിയായി. പുലിമുട്ട് അടക്കമുള്ള തീരസംരക്ഷണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചെന്നൈ ഐ.ഐ.ടി സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തിര പ്രാധാന്യത്തോടെ പദ്ധതി നടപ്പാക്കുന്നതിന് കേര സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്താനും ജിഡ തീരുമാനിച്ചു. റോഡ് പാലം പ്രവർത്തികളുടെ എസ്റ്റിമേറ്റ് അടക്കമുള്ള വിശദമായ പദ്ധതി റിപ്പോർട്ട് ഇതിനകം തയ്യാറായിട്ടുണ്ട്. നടപടികൾ വേഗത്തിലാക്കുന്നതിന് ജിഡ പ്രോജ്രക്ട് ഡയറക്ടർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.