വൈപ്പിൻ: ചെറായി ബീച്ചിൽ ഗ്രീൻ കാർപ്പെറ്റ് പദ്ധതി എസ്.ശർമ്മ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഓരോ വിനോദ സഞ്ചാരകേന്ദ്രത്തിലും മികച്ചതും ഗുണമേന്മയുള്ളതുമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തി സന്ദർശകർക്ക് ഏറ്റവും മികച്ച സന്ദർശാനുഭവം യാഥാർത്ഥ്യമാക്കാനാണ് സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചെറായി ബീച്ചിൽ ഭിന്നശേഷി സൗഹൃദ ശൗചാലയം ലൈഫ് ഗാർഡുകൾക്കായുളള നിരീക്ഷണ കേന്ദ്രം, ബീച്ച് സുരക്ഷാഉപകരണങ്ങൾ, സി.സി.ടി.വി സംവിധാനം, കുടിവെള്ളത്തിനായി വാട്ടർ ഫിൽറ്റർ സൗകര്യം ബീച്ച് കുടകൾ, ചാരുബഞ്ചുകൾ, സുരക്ഷാമുന്നറിയിപ്പ് ബോർഡുകൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 2020 മെയ് മാസത്തിൽ ഭരണാനുമതി നല്കിയ ഉത്തരവിൽ 43 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനാണ് അംഗീകാരം നല്കിയത്. തീരദേശ മേഖല നിയന്ത്രണ പരിപാലന അതോറിറ്റിയുടെ അംഗീകാരത്തിന് വിധേയമായി കെട്ടിടനിർമ്മാണ അനുമതി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് നല്കിയിട്ടുണ്ട്. കേരള ആർട്ടിസാൻസ് ആൻഡ് ഡവലപ്പ്‌മെന്റ് കോർപ്പറേഷനാണ്(കാഡ്‌കോ) നിർവ്വഹണ ഏജൻസി.
ചെറായി ബീച്ചിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകളക്ടർ എസ്. സുഹാസ്, ജില്ലാപഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഷൈനി, ടൂറിസം ജോ. ഡയറക്ടർ ശാഹുൽ ഹമീദ്, ഡപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ഡി.ടിപി.സി. സെക്രട്ടറി എസ്. വിജയകുമാർ, മെമ്പർ ജോണി തോട്ടക്കര, വാർഡ് മെമ്പർ ശ്രീമോൻ, ചെറായി ടൂറിസം സെക്രട്ടറി ഷാജു ആന്റണി തുടങ്ങിയവർ സംബന്ധിച്ചു.