കോലഞ്ചേരി: മൊബൈൽ ബാങ്കിംഗിന്റെ യുഗമാണ്. ക്ലിക്കൊന്ന് മാറായാൽ തന്നെ പണം നഷ്ടപ്പെട്ടേക്കും. ഇത് പരിഹരിക്കാൻ പലവിധ സുരക്ഷാ സംവിധാനം ബാങ്കുകളും മൊബൈൽ നിർമ്മാതാക്കളടക്കം നൽകുന്നുണ്ട്. എങ്കിലും ഓൺലൈൻ പണം തട്ടലിന് യാതൊരു കുറവുമില്ല. എന്നാൽ മൂന്ന് മെസേജുകളെക്കുറിച്ച് അറിഞ്ഞിരുന്നാൽ തട്ടിപ്പ് സംഘങ്ങളുടെ കൈക്കളിൽ നിന്നും രക്ഷപ്പെടാം.
വീഴരുത് കെ.വൈ.സിയിൽ
സൂക്ഷിക്കേണ്ട ആദ്യത്തെ മെസേജ് കെ.വൈ.സി യുമായി ബന്ധപ്പെട്ടതാണ്. ഔദ്യോഗികമായി ബാങ്കിൽ നിന്നും കെ.വൈ.സി അപ്ഡേറ്റ് ചെയ്യാനും, കെ.വൈ.സി അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് റദ്ദ് ചെയ്യുമെന്നും മെസേജിലൂടെ നിർദേശം നൽകാറുണ്ട്. ഇതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്.
ബാങ്കുകൾ രണ്ടു വർഷം കൂടുമ്പോഴും അവരുടെ ഉപഭോക്താക്കളോട് കെ.വൈ.സി അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. ഇത്തരത്തിൽ കെ.വൈ.സി അപ്ഡേറ്റ് ചെയ്യാൻ സഹായിക്കാമെന്ന തരത്തിൽ മെസേജ് അയച്ചാണ് ഇത്തരം സംഘങ്ങളുടെ തട്ടിപ്പ്. കെ. വൈ. സി അപ്ഡേറ്റ് ചെയ്തതിനാൽ 2000 രൂപ ക്യാഷ് ബാക്ക് ലഭിച്ചിട്ടുണ്ടെന്നും താഴെയുള്ള ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഈ തുക ലഭിക്കുമെന്നതടക്കം നീളുന്നു വിദ്യകൾ.
ബാങ്കുകളിൽ നേരിട്ട് ചെന്നാണ് കെ.വി.സി അപ്ഡേറ്റ് ചെയ്യേണ്ടത്.
കുടുക്കും ഐ.ടി റീഫണ്ട്
രണ്ടാമത്തെ അടവാണ് ഐ.ടി റീഫണ്ട് സഹായം. അധികമായി ബാങ്കുവഴി സാമ്പത്തിക ഇടപാട് നടത്തുന്ന (ഇൻകം ടാക്‌സ് അടക്കുന്ന)ആളുകളെയാണ് ഐ.ടി റീഫണ്ട് ചെയ്യാൻ സഹായിക്കാമെന്ന തരത്തിലുള്ള മെസേജുകൾ അയച്ച് വീഴ്ത്തുന്നത്. ഇത്തരം മെസേജുകൾ ഒഴിവാക്കുകയും സംശയനിവാരണത്തിന് അതാത് ബാങ്കുകളുമായി ആശയവിനിമയം നടത്തുകയും ചെയ്യണം.
കെണിയായി ബമ്പർ സമ്മാനം
ആകർഷകമായ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിച്ച് എത്തുന്ന മെസേജുകൾ കിട്ടാത്തവർ ആരും തന്നെ ഉണ്ടാകില്ല. അഞ്ച് ലക്ഷം മുതൽ മുകളിലേക്കാണ് സമ്മാനത്തുക. ഇത്തരം മെസേജുകളുടെ താഴെ ഒരു ലിംഗും ഉണ്ടായിരിക്കും. ഇതിൽ ക്ലിക്ക് ചെയ്താൽ സമ്മാനം ലഭിക്കുമെന്നതാണ് ഉള്ളടക്കം. എന്നൽ ബാങ്കുകൾ പറയുന്നത് രാജ്യത്തെ ഒരു പൗരനും ഏതൊരു ബാങ്കും സൗജന്യമായി ഒരു പൈസ പോലും നൽകുന്നില്ലെന്നാണ്. അതിനാൽ ഇത്തരം വരുന്ന സന്ദേശങ്ങൾ തികച്ചും തട്ടിപ്പാണ്. ഇത്തരം മെസേജുകൾക്ക് പിന്നാലെ പോവുകയാണെങ്കിൽ തീർച്ചയായും നിരാശയായിരിക്കും ഫലം.