ആലുവ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ മഹാശിവരാത്രി ആഘോഷം ഏതുരീതിയിൽ സംഘടിപ്പിക്കണമെന്ന് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനിക്കുമെന്ന് ബോർഡ് മെമ്പർ പി.എം. തങ്കപ്പൻ 'കേരളകൗമുദി'യോട് പറഞ്ഞു.
ദേവസ്വം പ്രസിഡന്റ് എൻ. വാസു കൊവിഡ് രോഗബാധയെ തുടർന്ന് വിശ്രമത്തിലായതിനാൽ മറ്റൊരു ബോർഡ് മെമ്പർ കെ.എസ്. രവിയും താനുമാണ് ഇന്നത്തെ യോഗത്തിൽ സംബന്ധിക്കുന്നത്. എറണാകുളം ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും അധികം കൊവിഡ് വ്യാപനമുള്ളത്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടുള്ള ചടങ്ങുകളായിരിക്കും സംഘടിപ്പിക്കുക. ഇത് സംബന്ധിച്ച് ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 29 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ദേവസ്വം അസി. എൻജിനീയർ വി.കെ. ഷാജിയുടെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് അദ്ദേഹം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡിന് സാമ്പത്തീക പ്രതിസന്ധിയുണ്ട്. ഇത് മറികടക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തരിശായി കിടക്കുന്ന ഏക്കർ കണക്കിന് ദേവസ്വം ഭൂമി ഉപയോഗപ്പെടുത്തി വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രയയപ്പ് യോഗത്തിൽ എക്സിക്യൂട്ടീവ് എൻജിനിയർ ജി.എസ്. ബൈജു അദ്ധ്യക്ഷത വഹിച്ചു. വി.കെ. ഷാജിക്ക് ദേവസ്വം മെമ്പർ ഉപഹാരം കൈമാറി. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്രപ്രസാദ്, അസി. കമ്മീഷണർ കൃഷ്ണകുമാർ, മറ്റ് ഉദ്യോഗസ്ഥരായ ശ്യാമപ്രസാദ്, സിനി, ഗണേശൻ പോറ്റി, വി.ഡി. ഉദയൻ, പത്മനാഭൻ, കെ. ജയകുമാർ, കെ.വി. സരള, പ്രമോദ്, എം.എൻ. നീലകണ്ഠൻ, എം.എസ്. രാധാകൃഷ്ണൻ, സീതാലക്ഷ്മി, എ. ബിന്ദ്യ എന്നിവർ സംസാരിച്ചു.