1

തൃക്കാക്കര : കൊവിഡ് ടെസ്റ്റിനായി തൃക്കാക്കര ഹെൽത്ത് സെന്ററിലേക്കാണോ ? ആദ്യ പരിശോധന ഫലം നെഗറ്റീവാണെങ്കിലും വൈകാതെ കൊവിഡ് പിടികൂടിയേക്കും ! മറ്റൊന്നുമല്ല. സാമൂഹിക അകലം, സുരക്ഷിത ഇടത്തിലുള്ള സ്വാബ് ശേഖരണം തുടങ്ങി അടിസ്ഥാന കാര്യങ്ങളൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. റോഡിലൂടെ പോകുന്നവർക്ക് പോലും കാണാവുന്ന വിധത്തിൽ കാർപോ‌ർച്ചിലിരുന്നാണ് സാമ്പിൾ ശേഖരിക്കുന്നത്. രോഗലക്ഷണങ്ങളുമായി എത്തുന്നവരും രണ്ടാം ഘട്ട പരിശോധനയ്ക്കായി വരുന്നവരും ഒന്നിച്ച് ഇരിക്കേണ്ട സാഹചര്യമാണ്. ഇത് രോഗികൾക്കിടയിൽ അമർഷവും ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്. ആഴ്ചയിൽ അഞ്ചു ദിവസം ഇവിടെ കൊവിഡ് പരിശോധന നടക്കുന്നുണ്ട്. മാസങ്ങളായി കാക്കനാട് രാജഗിരിയിലായിരുന്നു കൊവിഡ് ടെസ്റ്റ്. ഒരാഴ്ചയ്ക്ക് മുമ്പാണ് ഹെൽത്ത് സെന്ററിന്റെ പുതിയ ബ്ലോക്കിലേക്ക് പരിശോധന മാറ്റിയത്. ഞായാറാഴ്ച കുട്ടികളുടെ പോളിയോ വാക്സിൻ എടുക്കുന്നതിന് സ്ഥലം ഒരുക്കിയതിന്റെ ഭാഗമായാണ് കൊവിഡ് പരിശോധന പാർക്കിംഗിലേക്ക് മാറ്റിയതെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ സുരക്ഷിതമായ ഒരിടം കണ്ടെത്താതെ ഈ തട്ടിക്കൂട്ട് പരിശോധന ശരിയായില്ലെന്ന അഭിപ്രായമാണ് നാട്ടുകാർക്കുള്ളത്.

തൃക്കാക്കരയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രതിദിനം നൂറുകണക്കിന് ആളുകളാണ് കൊവിഡ് ടെസ്റ്റിനായി എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സമാനമായി ആൾ തിരിക്കിന് നടുവിലായിരുന്നു സ്വാബ് ശേഖരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശം കൂടിയാണ് തൃക്കാക്കര. മാത്രമല്ല ജില്ലാ ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിന് താഴെയാണിതെന്നുതും അമ്പരപ്പ് ഇരട്ടിയാക്കുന്നു.