k-karthik
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനത്തിനൊരുങ്ങുന്ന ആലുവ പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്നു

ആലുവ: നക്ഷത്രഗമയോടെ പൂർത്തിയാക്കിയ ആലുവ പൊലീസ് സ്റ്റേഷൻ ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ തുറക്കുമെങ്കിലും ഫർണിച്ചർ സാധനങ്ങൾ വാങ്ങുന്നതിന് ഭരണാനുമതി ലഭിക്കാത്തതിനാൽ ഓഫീസ് പ്രവർത്തനം വൈകുമെന്നാണ് സൂചന.

പുതുവത്സരത്തോടനുബന്ധിച്ച് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചതിനാൽ ജോലികൾ ദ്രുതഗതിയിലാണ് തീർത്തതാണ്. എന്നാൽ മുഖ്യമന്ത്രിയുടെ സമയം ലഭിച്ചില്ല. മാത്രമല്ല, ജില്ലാ പൊലീസ് മേധാവി കൊവിഡ് ബാധിതനായി അവധിയിലുമായി. ഇതേതുടർന്ന് എസ്.പി ചുമതലയേറ്റെടുക്കാൻ കാത്തിരിക്കുകയായിരുന്നു. അപ്പോഴേക്കും ഫർണിച്ചർ കൂടി എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എസ്.പി ചുമതലയിൽ തിരിച്ചെത്തിയിട്ടും ഫർണിച്ചർ വാങ്ങുന്നതിന് ഭരണാനുമതിയായില്ല. എങ്കിലും സ്റ്റേഷൻ ഉദ്ഘാടനം നീട്ടേണ്ടതില്ലെന്ന തീരുമാനത്തിൽ ഉദ്ഘാടനം നിശ്ചയിക്കുകയായിരുന്നു.

2.50 കോടിയിലേറെ രൂപ ചെലവഴിച്ചാണ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായി 9,850 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം. താഴത്തെ നിലയിൽ സന്ദർശകമുറിയും റിസപ്ക്ഷനും. സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ്.ഐ എന്നിവർക്കായി പ്രത്യേക മുറികളുണ്ട്. ആയുധങ്ങൾ സൂക്ഷിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ടാകും. സ്ത്രീകൾക്കും പുരുഷന്മാർക്കും, ട്രാൻസ് ജൻഡേഴ്‌സിസിനും പ്രത്യേക ലോക്കപ്പുകളുണ്ട്. ഭിന്നശേഷിക്കാർക്ക് റാമ്പ്, പ്രത്യേക ശുചിമുറികളുമുണ്ട്. കോൺഫ്രൻസ് ഹാൾ, കമ്മ്യൂണിറ്റി പൊലീസിനായി പ്രത്യേക മുറി, സീനിയർ എസ്.ഐ, ഹെഡ് കോൺസ്റ്റബിൾ എന്നിവർക്കായി ഓഫീസ് സംവിധാനവുമുണ്ട്.

ഫർണിച്ചറുകളെത്താൻ വൈകും

രണ്ടിന് വൈകിട്ട് ഓൺലൈൻ മുഖേനയാണ് മുഖ്യമന്ത്രി സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. ഫർണിച്ചർ സാധനങ്ങൾ വാങ്ങുന്നതിന് 32 ലക്ഷത്തോളം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് സർക്കാരിന് നൽകിയിട്ടുള്ളത്. മൂന്ന് നിലകളിലുള്ള ആഢംബര ഓഫീസ് കെട്ടിടമായതിനാൽ അനുയോജ്യമായ ഫർണിച്ചറുകളും വേണം. അതിനാൽ നിലവിലുള്ള സ്റ്റേഷനിലെ ഫർണിച്ചറുകൾ പുതിയ കെട്ടിടത്തിലേക്ക് വേണ്ടെന്നാണ് തീരുമാനം. ഇതേതുടർന്നാണ് മാസങ്ങൾക്ക് മുമ്പേ ഫർണിച്ചറുകൾക്കായി ഭരണാനുമതി തേടിയത്. രണ്ടാം നിലയിൽ ജനമൈത്രി പൊലീസിന്റെ ട്രെയിനിംഗ് വിഭാഗത്തിലേക്ക് മാത്രം ആവശ്യമായ ഫർണിച്ചറുകളാണ് എത്തിയത്. ഇവയിൽ നിലവാരം കുറഞ്ഞ കസേരകൾ മാറ്റിയിട്ടിരിക്കുകയാണ്.

എസ്.പി സ്റ്റേഷൻ സന്ദർശിച്ചു

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആലുവ പൊലീസ് സ്റ്റേഷൻ എസ്.പി കെ. കാർത്തിക് സന്ദർശിച്ചു. മുറ്റത്ത് ഭാഗീകമായി ടൈൽ വിരിച്ചത് പൂർണാക്കുന്നതിന് ഉൾപ്പെടെ കരാറുകാർക്ക് നിർദ്ദേശം നൽകി. ഉദ്ഘാടനം കഴിഞ്ഞാലുടൻ പൂർണ തോതിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്നതിന് നടപടിയുണ്ടാകുമെന്ന് എസ്.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.