പറവൂർ: പരിസരവാസികൾക്കും പരിസ്ഥിതിക്കും ദോഷകരമായിട്ടുള്ള തത്തപ്പിള്ളിയിലെ സ്വകാര്യ പ്ലാസ്റ്റിക്ക് റീസൈക്കിളിംഗ് കേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമീപവാസികൾ പരാതി നൽകി. കോട്ടുവള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ അങ്കണവാടിക്ക് സമീപം പ്രവർത്തിച്ചിരുന്ന സ്ഥാപനം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങൾ നിരന്തരം ആക്ഷേപം ഉന്നയിച്ചിരുന്നു. അതിനിടെയാണ് ഒരു മാസം മുമ്പ് സ്ഥാപനത്തിൽ തീപിടുത്തം ഉണ്ടായത്. ഏഴ് ഫയർ എൻജിനുകൾ മണിക്കൂറുകൾ ശ്രമിച്ചാണ് തീ അണച്ച് വൻ ദുരന്തം ഒഴിവാക്കിയത്. പ്ലാസ്റ്റിക് മാലിന്യം കത്തിയതിനെ തുടർന്നുണ്ടായ രൂക്ഷഗന്ധവും പുകയും ശ്വസിച്ച് ശാരീരിക അസ്വസ്ഥതകൾ ബാധിച്ച പരിസരവാസികൾ ദിവസങ്ങളോളം വീട് വിട്ടു മാറിതാമസിച്ചു. 2001ൽ റബർ ഫോം യൂണിറ്റ് എന്ന നിലയിലാണ് സ്ഥാപനം ആരംഭിച്ചത്. പിന്നീട് പ്ലാസ്റ്റിക് റീസൈക്കിളിംഗ് കേന്ദ്രമാക്കി മാറ്റി. ഇതിന് പരിസരവാസികളുടെ സമ്മതപത്രമോ, പഞ്ചായത്ത് ലൈസൻസോ, ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ അനുമതിയില്ലെന്നും പരിസരവാസികൾ പറയുന്നു. മാലിന്യം മൂലം സമീപത്തെ കിണറുകളിലെ വെള്ളവും ഉപയോഗശൂന്യമായിട്ടുണ്ട്. ഇത്രയധികം ദോഷം ചെയ്യുന്ന സ്ഥാപനം വീണ്ടും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. സ്ഥാപനത്തിന് പ്രവർത്തിക്കാൻ അനുമതി നൽകരുതെന്നും അനധികൃതമായി സ്ഥാപനം നടത്തിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഭീമഹർജി തയ്യാറാക്കി മുഖ്യമന്ത്രി, ജില്ലാ കലക്ടർ, ഗ്രാമപഞ്ചായത്ത്, ഡി.എം.ഒ തുടങ്ങിയവർക്ക് സമർപ്പിച്ചിട്ടുണ്ട്.