മൂവാറ്റുപുഴ: കേരളത്തിൽ തുടരുന്ന സംവരണ വ്യവസ്ഥയിൽ ഒരു മാറ്റവും ഉണ്ടാകുകയില്ലെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. കേരളത്തിൽ മുസ്ലീം സമുദായമുൾപ്പടെയുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് നൽകി വരുന്ന സംവരണം തുടരുമെന്നും അതിൽ ഒരാശങ്കയും ആർക്കം വേണ്ടന്നും മന്ത്രി പറഞ്ഞു. മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കം നിൽക്കുന്നവർക്കാണ് പത്ത് ശതമാനം സംവരണം നൽകുന്നത്. ഇതിൽ ക്രൈസ്ത്യവരും ഉൾപ്പെടുന്നുണ്ട്. ക്രൈസ്തവരിലെ പിന്നോക്കാവസ്ഥ പഠിക്കുവാൻ കോശി കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട് . കോശി കമ്മിറ്റി റിപ്പോർട്ട് നൽകുന്ന മുറക്ക് ഇതുസംബന്ധിച്ച് നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സി.പി.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺഹാളിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപക അനദ്ധ്യാപക തസ്തികകളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ മാറ്റം വരുമെന്നും മന്ത്രി അറിയിച്ചു. എഴുപത് ചോദ്യങ്ങളാണ് മുമുഖം പരിപാടിയിൽ മന്ത്രിക്ക് ലഭിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അഡ്വ. പി.എം.ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ , എം.എ. സഹീർ എന്നിവർ സംസാരിച്ചു.