kseb
ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മാറാടി 110 കെ.വി. സബ്സ്റ്റേഷൻ

മൂവാറ്റുപുഴ: 110 കെ വി.മാറാടി ഇലക്ട്രിക്കൽ സബ്‌സ്‌റ്റേഷൻ ഇന്ന് മൂന്നിന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നാടിന് സമർപ്പിക്കും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 66 കെ.വി ശേഷിയുണ്ടായിരുന്ന മാറാടി ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ ഇനി 110കെവി ആകും. വൈദ്യുതി മേഖലയിൽ കാലാനുസൃതമായ സാങ്കേതിക മാറ്റങ്ങളും പരിഷ്‌കാരങ്ങളും നടപ്പിലാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി പ്രസരണവിതരണ രംഗം കൂടുതൽ കാര്യക്ഷമമാക്കികൊണ്ട് പര്യാപ്തമായ വോൾട്ടേജിൽ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട വൈദ്യുതി വേണ്ടസമയത്ത് നിർബാധം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി പ്രസരണവിതരണ ശ്യംഖല ദൃഡപ്പെടുത്തി പ്രസരണരംഗത്ത് കൂടുതൽ സബ്‌സ്റ്റേഷനുകളും ലൈനുകളും സ്ഥാപിക്കുന്നതിന് വേണ്ടി കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ഇലക്ട്രിസിറ്റി ബോർഡ് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി മാറാടിയിൽ 110കെ.വി.സബ്‌സ്റ്റേഷൻ നിർമിച്ചത്.

2016ൽ 17.9കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. പദ്ധതിയ്ക്കായി തെക്കൻ മാറാടിയിൽ എം.സി.റോഡിനോട് ചേർന്നുള്ള ഒരേക്കർ 50സെന്റ് സ്ഥലം വൈദ്യുതി ബോർഡ് വിലയ്ക്ക് വാങ്ങുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യ്തു. 12.5 എം.വി.എ ശേഷിയുള്ള രണ്ട് 110/11കെ.വി ട്രാൻസ്‌ഫോമറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുവാൻ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിയിൽ 10 എം.വി.എ ശേഷിയുള്ള ഒരു 66/11 കെ.വി ട്രാൻസ്‌ഫോമറും മൂന്ന് ഫീഡറുകളുമാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കി പദ്ധതി 2018ൽ കമ്മീഷൻ ചെയ്തത്. 12.5 എം.വി.എ ശേഷിയുള്ള ഒരു 110/11 കെ.വി ട്രാൻസ്‌ഫോമറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചാണ് രണ്ടാം ഘട്ടം പ്രവർത്തന സജ്ജമായിരിക്കുന്നത്. കോതമംഗലത്ത് നിന്ന് പുതിയ ലൈൻ വലിച്ചാണ് 110 കെ.വി സബ്‌സ്റ്റേഷനിൽ വൈദ്യുതി ലഭ്യമാക്കിയിരിക്കുന്നത്. കൂടുതൽ ഗുണമേൻമയും തടസമില്ലാത്തതുമായ വൈദ്യുതി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറാടി സബ്‌സ്‌റ്റേഷനെ 110കെ.വി.നിലവാരത്തിലേയ്ക്ക് വൈദ്യുതി ബോർഡ് ഉയർത്തിയിരിക്കുന്നത്. ഇവിടെ നിന്നുള്ള 11.കെ.വി ഫീഡറുകളിലൂടെ മൂവാറ്റുപുഴ നഗരസഭ, മാറാടി, ആരക്കുഴ, പാലക്കുഴ, ആവോലി, രാമമംഗലം, തിരുമാറാടി, പാമ്പാക്കുട എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശത്തെ ഒന്നേകാൽ ലക്ഷത്തോളം ജനങ്ങൾക്ക് വൈദ്യുതി തടസമില്ലാതെ ലഭ്യമാകും. ഇതോടൊപ്പം മൂവാറ്റുപുഴയാറിൽ നിന്നുള്ള മൂവാറ്റുപുഴ ടൗൺ, ആരക്കുഴ, മൂഴി എന്നീ പമ്പ് ഹൗസുകൾ ഉൾപ്പടെ 50ഓളം കുടിവെള്ള പദ്ധതികൾക്കും തടസം കൂടാതെ വൈദ്യുതി ലഭ്യമാക്കുന്നതിനും പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ സാധിക്കും.