court

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻലാൽ വിചാരണക്കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. ഇന്നലെ എറണാകുളം അഡി. സ്പെഷ്യൽ സെഷൻസ് കോടതിയിൽ ഹാജരായ വിപിൻലാലിന് 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്‌ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്താണ് ജാമ്യം നൽകിയത്.

മാപ്പുസാക്ഷിയായിരിക്കെ ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി വിപിൻലാൽ ജയിൽ മോചിതനായതു ചോദ്യം ചെയ്ത് എട്ടാം പ്രതി നടൻ ദിലീപ് ഹർജി നൽകിയിരുന്നു. തുടർന്ന് വിപിൻലാലിനെ അറസ്റ്റുചെയ്‌തു ഹാജരാക്കാൻ അന്വേഷണ സംഘത്തോടു കോടതി നിർദേശിച്ചു. ഇതിനെ ചോദ്യംചെയ്ത് വിപിൻലാൽ നൽകിയ ഹർജിയിൽ ഇയാൾക്ക് ജാമ്യം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയിൽ വിപിൻലാൽ ഹാജരാകണമെന്നും നിർദേശിച്ചിരുന്നു. തുടർന്നാണ് ഇന്നലെ കോടതിയിലെത്തിയത്.