കൊച്ചി : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതി നിർദേശിച്ചിട്ടും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തില്ലെന്നാരോപിച്ച് നിക്ഷേപകർ നൽകിയ കോടതിയലക്ഷ്യഹർജി ഹൈക്കോടതി തള്ളി.
കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നും അന്വേഷണം തുടങ്ങിയെന്നും സി.ബി.ഐയുടെ അഭിഭാഷകൻ അറിയിച്ചു. ഇതു പരിഗണിച്ചാണ് സിംഗിൾബെഞ്ച് ഹർജി തള്ളിയത്. സി.ബി.ഐ അന്വേഷിക്കണമെന്ന് ഉത്തരവുണ്ടായിട്ടും കേസ് ഏറ്റെടുക്കുകയോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ ഉണ്ടായില്ലെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ പല കേസുകളായാണ് രജിസ്റ്റർ ചെയ്തതെന്നും ഇവ ഒറ്റക്കേസായി പരിഗണിക്കാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് സി.ബി.ഐ അന്വേഷണസംഘം നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ഹർജി തള്ളിയത്.