കൊച്ചി: കൊച്ചി കോർപ്പറേഷന്റെ രണ്ടു വമ്പൻ പദ്ധതികൾക്ക് കൊച്ചിൻ സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ) കൈത്താങ്ങ്. 31 കോടി രൂപയുടെ സഹായം വികസനപ്രവർത്തനങ്ങൾക്ക് കുതിപ്പേകും. ബ്രേക്ക് ത്രൂവിന്റെ രണ്ടാം ഘട്ടത്തിന് പത്തു കോടിയും ഫോർട്ട് കൊച്ചിയിലെ രാജീവ്ഗാന്ധി ആവാസ് യോജന (റേ)ഭവന പദ്ധതിയായ തുരുത്തി ടവർ ഒന്നിന്റെ പൂർത്തീകരണത്തിന് 21 കോടിയും അനുവദിക്കാൻ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന സി.എസ്.എം.എൽ 18 ാമത് ബോർഡ് യോഗം തീരുമാനിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ സി.എസ്.എം.എൽ ഡയറക്ടർമാർ കൂടിയായ മേയറും കളക്ടറുമായി ചർച്ച ചെയ്തു തീരുമാനിക്കും.

വെള്ളക്കെട്ട് പരിഹാരത്തിന് മുൻഗണന

സി.എസ്.എം.എല്ലിന്റെ കനാൽ പുനരുദ്ധാരണ പദ്ധതികളിൽപ്പെട്ട മുല്ലശേരി , രാമേശ്വരം കനാലുകളെ ബ്രേക്ക് ത്രൂവിന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കണമെന്ന് മേയർ അഡ്വ.എം. അനിൽകുമാറും കളക്ടർ എസ്. സുഹാസും ആവശ്യപ്പെട്ടതോടെയാണ് പത്തു കോടി രൂപ അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മുടങ്ങിക്കിടക്കുന്ന കോർപ്പറേഷന്റെ റേ പദ്ധതിക്ക് സഹായം നൽകുമെന്ന പ്രഖ്യാപനം ഭവനരഹിതർക്ക് ആശ്വാസമായി . 199 കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. കെട്ടിട നിർമ്മാണം പുരോഗമിക്കുന്നതനുസരിച്ച് 21 കോടി രൂപ സി.എസ്.എം.എൽ കോർപ്പറേഷന് കൈമാറും.

സീവേജ് പ്ളാന്റ് : യോഗം വിളിക്കും

പശ്ചിമകൊച്ചിയിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രശ്‌നപരിഹാരത്തിനായി മേയറുടെയും കളക്ടറുടെയും നേതൃത്വത്തിൽ ജനപ്രതിനിധികളുമായി ആലോചനായോഗം വിളിക്കാനും തീരുമാനമായി.

ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ഭാഗമായി നടപ്പിലാക്കുന്ന പരാതി പരിഹാര പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിലാണ് നടപ്പിലാക്കേണ്ടത്. ഇതിനായി വിവിധ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. അതതു ഡിപ്പാർട്ട്മെന്റുകൾക്കു ലഭിക്കുന്ന പരാതികൾ കൃത്യമായി പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സി.എസ്.എം.എൽ എം.ഡി കൂടിയായ ചീഫ് സെക്രട്ടറി ഓർമ്മിപ്പിച്ചു