flyvoer

കൊച്ചി: വടുതല ഫ്ളൈഓവറിന്റെ പുതുക്കിയ അലൈമെന്റിന് റെയിൽവെയുടെ അംഗീകാരം. ഹൈബി ഈഡൻ എം.എൽ.എയായിരുന്ന കാലത്ത് 2016 - 17 സംസ്ഥാന ബഡ്ജറ്റിലാണ് ഫ്ളൈഓവറിന്റെ നിർമ്മാണത്തിന് തുക അനുവദിച്ചത്. എന്നാൽ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികൾ ഉയർന്നു. കിഫ്ബിയിൽ നിന്നും 47.5 കോടി രൂപയുടെ പദ്ധതിയ്ക്കാണ് അനുമതി നല്കിയിട്ടുള്ളത്. ആർ.ബി.ഡി.സി. കെയ്ക്കാണ് പദ്ധതിയുടെ നിർമ്മാണ ചുമതല. പാലത്തിന്റെ രൂപരേഖ അവർ തയ്യാറാക്കി റയിൽവെയിൽ സമർപ്പിച്ചിരുന്നു. അതിനുശേഷം ഷൊർണൂർ - എറണാകൂളം പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് റയിൽവെ രൂപരേഖയിൽ മാറ്റങ്ങൾ നിർദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ഹൈബി ഈഡൻ എം.പി റെയിൽവെ, ആർ.ബി.ഡി.സി.കെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.

യോഗ തീരുമാനപ്രകാരം രൂപരേഖ തിരുത്തി റെയിൽവെയ്ക്ക് കൈമാറി. തുടർന്ന് പുതുക്കിയ രൂപരേഖയ്ക്ക് റെയിൽവെ അംഗീകാരം നൽകുകയായിരുന്നു. ഇനി ആർ.ബി.ഡി.സി.കെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി റെയിൽവെയ്ക്ക് കൈമാറണം. ട്രാക്കിന് മുകളീലൂടെയുള്ള ഭാഗത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടത് റെയിൽവെയാണ്. ഈ നടപടികൾ രണ്ടാഴ്ച്ചകം പൂർത്തീയാകുമെന്ന് റെയിൽവെ അറിയിച്ചതായി ഹൈബി ഈഡൻ എം.പിയും ടി.ജെ. വിനോദ് എം.എൽ.എയും അറിയിച്ചു.

 ഏറ്റെടുക്കുന്നത് ഒരേക്കർ

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാണ് ഭൂമിയേറ്റെടുക്കൽ നടപടികൾ. ഒരേക്കർ സ്ഥലമാണ് പദ്ധതിയ്ക്കായി ഏറ്റെടുക്കുന്നത്. പച്ചാളം, വടുതല ചിറ്റൂർ പ്രദേശത്തെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പച്ചാളം മേൽപാലം നിർമ്മിച്ചിരുന്നു. അത് കൂടുതൽ ഗുണകരമായി ഉപയോഗപ്പെടുത്തണമെങ്കിൽ വടുതല ഫ്ളൈഓവർ കൂടി യാഥാർത്ഥ്യമാകണം.