കോതമംഗലം: തങ്കളം - മലയിൻകീഴ് ബൈപാസ് റോഡിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം കാട്ടാക്കട മലയിൻകീഴ് ചെഞ്ചേരി വീട്ടിൽ ബിജുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു.സംഭവത്തിൽ സുഹൃത്തുക്കളായ മൂന്നുപേരെ കോതമംഗലം പൊലീസ് അറസ്റ്റുചെയ്തു. ഊഞ്ഞാപ്പാറ നെടുമ്പിള്ളിക്കുടിയിൽ ശ്രീജിത്ത് (36), ഇഞ്ചൂർ മനക്കപ്പറമ്പിൽ കുമാരൻ (59), കുറ്റിലഞ്ഞി പുതുപ്പാലംകിഴക്ക് കുന്നേൽ അനിൽകുമാർ (45) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം കോതമംഗലത്തുകാരാണ്.
പൊലീസ് പറയുന്നതിങ്ങനെ: ബിജുവും സുഹൃത്തുക്കളും ഓട്ടോറിക്ഷയിൽ അടിമാലി, കട്ടപ്പന, നെടുങ്കണ്ടം പ്രദേശങ്ങളിൽ കടകളുടെ റോളിംഗ് ഷട്ടറുകളിൽ ഗ്രീസിടുന്ന ജോലിചെയ്യുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ജോലികഴിഞ്ഞ് മദ്യപിച്ചശേഷം രാത്രി ഏഴോടെ സംഘം അടിമാലിക്ക് സമീപമുള്ള ലോഡ്ജിൽ മുറി അന്വേഷിച്ചെത്തി. അതിനിടെ ബിജു കെട്ടിടത്തിന്റെ നാലാംനിലയിൽ നിന്ന് താഴേക്ക് കാൽവഴുതി വീണു. ഗുരുതര പരിക്കേറ്റ ബിജുവിനെ ആശുപത്രിയിൽ കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് സുഹൃത്തുക്കൾ ഓട്ടോയിൽ കൊണ്ടുപോയി. യാത്രാമദ്ധ്യേ ബിജു മരിച്ചുവെന്ന് മനസിലാക്കിയ പ്രതികൾ രാത്രിയിൽ കോതമംഗലത്തെത്തി തങ്കളം ബൈപാസിൽ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് നാടുവിട്ട് കോതമംഗലത്തെത്തി ചെമ്മീൻ കച്ചവടം തുടങ്ങിയ ബിജുവിനെ ചെമ്മീൻ ബിജു എന്ന പേരിലാണ് അറിയപ്പെടുന്നത്. മൃതദേഹത്തിൽ പരിക്കുകൾ കണ്ടതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരെ നെടുങ്കണ്ടത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.