ആലുവ: കൊവിഡുമായി ബന്ധപ്പെട്ട് പൊലിസ് കൂടുതൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ സ്റ്റേഷൻ പരിധിയിലും ബോധവത്ക്കരണ അനൗൺസ്‌മെന്റ് ആരംഭിച്ചു. കാര്യങ്ങളുടെ ഗൗരവാവസ്ഥ ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ കൂടുതൽ പൊലീസുദ്യോഗസ്ഥരെ നിയോഗിക്കും.
ജനമൈത്രി ബീറ്റ് ഓഫിസർമാർ വീടുകളിലെത്തി കാര്യങ്ങൾ തിരക്കുന്നുണ്ട്. കൂടുതൽ പട്രോളിംഗ് യൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ട്. പൊതുചടങ്ങുകൾ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചേ നടത്താവൂ. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണാകും. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾക്കും ഇത് ബാധകമാണ്. മാർക്കറ്റുകളിലും, മറ്റ് വ്യാപാര സ്ഥാപനങ്ങളിലും സാമൂഹ്യ അകലം പാലിക്കണം. മാസ്ക് നിർബന്ധമാണ്. സ്ഥാപനങ്ങളിൽ സാനിറ്റൈസർ സംവിധാനം ഒരുക്കിയിട്ടുണ്ടാകണം. ജില്ലാ പൊലിസ് ആസ്ഥാനത്ത് 24 മണിക്കൂറും കൊവിഡ് കൺടോൾ റൂം പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് കോവിഡിനെ സംബന്ധിക്കുന്ന കാര്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാം. ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു.