ps

കോലഞ്ചേരി: മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഇന്നലെ രാവിലെ പത്തിനും കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വൈകിട്ടും യാക്കോബായ സഭാ ആസ്ഥാനമായ പുത്തൻകുരിശിലെ പാത്രിയാർക്കാ സെന്ററിലെത്തി ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ചു.

സൗഹൃദ സന്ദർശനം മാത്രമാണെന്ന് ശ്രീധരൻപിള്ള പറഞ്ഞു. സഭാതർക്കം പരിഹരിക്കാൻ ചർച്ചകൾ നടക്കുകയാണ്. എല്ലാം ദൈവഹിതംപോലെ നടക്കും. രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു.

വൈകിട്ട് 5നാണ് മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ എം.പി എന്നിവരെത്തിയത്. വിശ്വാസ സംരക്ഷണത്തിന് നിയമനിർമ്മാണം നടത്തണമെന്ന് സഭാ പ്രതിനിധികൾ കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. സൗഹൃദസന്ദർശനം മാത്രമാണെന്ന് നേതാക്കൾ പറഞ്ഞു.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, മെത്രാപ്പോലീത്തൻ ട്രസ്​റ്റി ജോസഫ് ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് തിമോത്തിയോസ്, മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫീലോസ്, സഭാ സെക്രട്ടറി അഡ്വ. പീ​റ്റർ കെ. ഏലിയാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.