കൊച്ചി: ബാർ കൗൺസിലിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ട് നാലു ബാർ കൗൺസിൽ അംഗങ്ങൾ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തുനൽകി. അഭിഭാഷകരായ സജീവ് ബാബു, രാജേഷ് വിജയൻ, സുദർശനകുമാർ, സി.കെ. രത്നാകരൻ എന്നിവരാണ് കത്തുനൽകിയത്.
31നാണ് ബാർ കൗൺസിൽ കോംപ്ളക്‌സ് ഭാഗികമായി നവീകരിച്ചതിന്റെ ഉദ്ഘാടനം. അഭിഭാഷക ക്ഷേമനിധിയിൽനിന്ന് കോടികൾ തട്ടിയതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ബാർ കൗൺസിൽ നേരിടുന്നുണ്ടെന്നും ഇതിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റിയിരിക്കുകയാണെന്നും കത്തിൽ പറയുന്നു. ഇതിനിടെയാണ് ബാർ കൗൺസിൽ കെട്ടിടത്തിലെ രണ്ട് ബെഡ് റൂമുകൾ ആഡംബരസൗകര്യങ്ങൾ ഉൾപ്പെടുത്തി നവീകരിച്ചതെന്നും ഇതിനെതിരെ ആരോപണങ്ങളുണ്ടെന്നും കത്തിൽ വിവരിക്കുന്നു. കൊവിഡ് വ്യാപനത്തെത്തുടർന്ന് അഭിഭാഷകരിൽ കുറേപ്പേർക്ക് തൊഴിൽ പോലുമില്ലാത്ത സാഹചര്യത്തിൽ വൻതുക ചെലവിട്ട് കെട്ടിടം മോടിപിടിപ്പിക്കുന്നതിനെ എതിർത്തിരുന്നെന്നും അഭിഭാഷകർ വ്യക്തമാക്കുന്നു.