വൈപ്പിൻ: പൂരത്തിമിർപ്പില്ലാതെ ആനക്കൂട്ടങ്ങളും ആരവങ്ങളുമില്ലാതെ ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്സവം താന്ത്രികചടങ്ങുകളിൽ ഒതുങ്ങിനിന്നു. തലപ്പൊക്കത്തിനായി മത്സരിക്കാൻ തെക്കുവടക്ക് ചെരുവാരങ്ങൾ ഇത്തവണ ഇല്ലായിരുന്നുവെങ്കിലും ആനക്കമ്പക്കാർക്ക് ഇത് പ്രശ്‌നമായില്ല.
ഭഗവാൻ സുബ്രഹ്മണ്യന്റെ തിടമ്പ് പുതുപ്പള്ളി കേശവനും മഹാദേവന്റെ തിടമ്പ് ചിറക്കൽ കാളിദാസനും ശിരസിലേറ്റി. തുടർന്ന് ശീവേലി നടത്തി. പകൽപ്പൂരത്തിന് റോഡിലെ പതിവ് എഴുന്നള്ളിപ്പ് ഒഴിവാക്കി. രണ്ടാനകൾ മാത്രമുള്ള എഴുന്നള്ളിപ്പ് ക്ഷേത്രാങ്കണത്തിൽ മാത്രമായി പരിമിതപ്പെടുത്തി. 5.30 ന് ആരംഭിച്ച എഴുന്നള്ളിപ്പ് രാത്രി 8 ന് സമാപിച്ചു. പുലർച്ചെ 3.30 ന് ക്ഷേത്രക്കുളത്തിൽ തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി, എം ജി രാമചന്ദ്രൻ എന്നിവരുടെ കാർമികത്വത്തിൽ ആറാട്ട് നടത്തി. രാവിലെ വരെയുള്ള എഴുന്നള്ളിപ്പോടെ ഉത്സവം സമാപിച്ചു.