മട്ടാഞ്ചേരി: ആറാം ഡിവിഷനിൽ മാസങ്ങളായി മാലിന്യം കുന്നുകൂടിയിട്ടും അധികാരികൾ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആക്ഷേപം. ഒരു മതിൽ പൊക്കത്തിലാണ് ഇവിടെ മാലിന്യം കുന്നുകൂടിയിരിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ ഈ പരിസരത്ത് നിരവധിപ്പേരാണ് ദിനംപ്രതി എത്തുന്നത്. സ്വദേശി ഡപ്യൂട്ടി മേയറെ വിവരം രേഖാമൂലം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.അതേസമയം മാലിന്യം നീക്കം ചെയ്യാൻ കോർപ്പറേഷനിൽ വാഹനം ഇല്ലെന്നാണ് അധികാരികൾ പറയുന്നത്രേ. മാലിന്യ കൂമ്പാരത്തിന്റെ മറവിൽ കഞ്ചാവും മയക്കമരുന്ന് കച്ചവടവും നടക്കുന്നതായാണ് പരിസരവാസികൾ പറയുന്നത്. രാത്രി സമയങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഇതുവഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. മരക്കടവിലെ അറവ് ശാല അടച്ചു പൂട്ടിയതോടെ ഈ ഒഴിഞ്ഞ സ്ഥലത്തും മാലിന്യക്കൂമ്പാരത്തിനടുത്തുമാണ് അറവ് നടക്കുന്നത്. ഇതിനെതിരെ ആരോഗ്യ ഹെൽത്ത് വിഭാഗത്തിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.