കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഒ.പി ടിക്കറ്റെടുക്കാനെത്തിയ വൃദ്ധയുടെ രണ്ടരപ്പവന്റെ മാലപൊട്ടിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി പിടിയിൽ. സേലം വെള്ളൂർകരയിൽ ദേവിയാണ് (38) സെൻട്രൽ പൊലീസിന്റെ പിടിയിലായത്. മോഷണശ്രമം രണ്ട് യുവാക്കൾ കണ്ടതോടെ ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ചെറുപ്പക്കാർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ആശുപത്രി പരിസരത്തുവച്ചുതന്നെ പ്രതിയെ അറസ്റ്റുചെയ്തു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ചോദ്യംചെയ്യലിൽ മോഷണശ്രമം പ്രതി സമ്മതിച്ചു. സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിജയശങ്കറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ വിബിൻ കുമാർ, തോമസ് പള്ളൻ, വിദ്യ.ജി സി.പി.ഒ സിന്ധു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.